fungus

തിരുവനന്തപുരം: കൊവിഡ് രോഗം വന്നുപോയവരിൽ കണ്ടുവരുന്ന ബ്ളാക്ക് ഫംഗസ് രോഗം പടരാൻ ഇടയായതിന് പിന്നിൽ വിദഗ്ദ്ധ നിർദ്ദേശമില്ലാതെ മരുന്നുകൾ കഴിക്കുന്നത് കൊണ്ടാണെന്ന സംശയം വ്യാപകമായി ഉയരുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് പ്രതിദിന രോഗികളുടെ എണ്ണം കൂടിയതോടെ ചെറിയ തോതിൽ രോഗലക്ഷണങ്ങൾ ഉള്ളവരോട് വീടുകളിൽ തന്നെ ചികിത്സ തേടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇതാണിപ്പോൾ ആരോഗ്യവകുപ്പിന് തലവേദന ആയിരിക്കുന്നത്.

 സ്വയം ചികിത്സ ആപത്ത്

കൊവിഡ് ബാധിച്ചവർ‌ വീട്ടിൽത്തന്നെ ചികിത്സ തേടിയതോടെ ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ തന്നെ രോഗബാധിതർ മരുന്ന് കഴിക്കാൻ തുടങ്ങി. മരുന്നുകൾ കൃത്യമായ അളവിൽ കഴിച്ചില്ലെങ്കിലുണ്ടാകാവുന്ന ഉണ്ടാകാവുന്ന അനന്തര ഫലങ്ങളെ കുറിച്ച് പോലും ഇവർ ആലോചിക്കുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കൊവിഡ് രോഗത്തിനെതിരെ സർവസാധാരണമായി ഉപയോഗിക്കുന്ന മരുന്നുകളായ ടോസിലിസുമാബ്, സ്റ്റിറോയിഡുകൾ എന്നിവ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നവയും മ്യൂക്കോർമൈക്കോസ് അഥവാ ബ്ളാക്ക് ഫംഗസ് രോഗത്തിന് കാരണമാവുന്നവയും ആണ്. പ്രമേഹം പോലുള്ള മറ്റ് അസുഖങ്ങൾ ഉള്ള കൊവിഡ് രോഗികൾ ഈ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ യഥേഷ്ടം കഴിക്കുന്നുണ്ട്. കൊവിഡ് ബാധിതരായവർ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സ്റ്റിറോയി‌ഡുകളും കഴിക്കുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് ലഭിക്കുമെന്നതും ഇത്തരം മരുന്നുകൾ വാങ്ങാൻ രോഗികളെ പ്രേരിപ്പിക്കുന്നുണ്ട്. സ്റ്റിറോയിഡുകൾ പല അവസരത്തിലും ജീവൻരക്ഷാ മരുന്നുകളാണ്. എന്നാൽ ശരിയായ സമയത്ത് ശരിയായ അളവിൽ ഉപയോഗിച്ചില്ലെങ്കിൽ അവ ജീവന് തന്നെ ഭീഷണിയാകുമെന്ന് സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ബോർഡിലുൾപ്പെട്ട വിദഗ്ദ്ധൻ പറഞ്ഞു.

നിലവിൽ 20 പേർക്കാണ് സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് രോഗം ബാധിച്ചത്.

 ബ്ളാക്ക് ഫംഗസ്

പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് (മ്യൂക്കർമൈക്കോസെസ്) രോഗത്തിന് കാരണം. ഇത് പകർച്ചവ്യാധിയല്ല. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ചിലരിൽ അപൂർവമായി ഗുരുതരമായ അണുബാധയുണ്ടാക്കാം. വായുവിൽ നിന്നാണ് പൂപ്പൽ ശ്വാസകോശത്തിൽ കടക്കുന്നത്. പ്രതിരോധ ശേഷിയുള്ളവർക്കു മ്യൂക്കോമിസൈറ്റ് ഭീഷണിയല്ല. കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം കലർന്ന ഛർദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.

മൂക്കടപ്പ്, മൂക്കൊലിപ്പ് (കറുത്ത നിറത്തിൽ), കവിൾ അസ്ഥിയിൽ വേദന, മുഖത്ത് ഒരു ഭാഗത്തു വേദന, മരവിപ്പ്, നീർവീക്കം, മൂക്കിന്റെ പാലത്തിൽ കറുത്ത നിറം, പല്ലുകൾക്ക് ഇളക്കം, വേദനയോടു കൂടിയ കാഴ്ച മങ്ങൽ, ഇരട്ടക്കാഴ്ച, ത്വക്കിനു കേട്, നെഞ്ചുവേദന, ശ്വാസ തടസം എന്നിവയുണ്ടെങ്കിൽ ചികിത്സ തേടണം.

പ്രതിരോധ ശേഷി പ്രധാനം

 ബ്ളാക്ക്, വൈറ്റ് ഫംഗസുകൾ കാരണമുള്ള അണുബാധ കൊവിഡ് മുക്തരിൽ

 കൊവിഡ് കാരണം പ്രതിരോധശേഷി കുറയുന്ന അവസ്ഥയിലാണ് അണുബാധ

 പ്രമേഹരോഗികളിലും സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നവരിലും അധിക സാദ്ധ്യത

 ഓക്സിജൻ പിന്തുണയോടെ ചികിത്സയിലുള്ളവരിൽ കൂടുതൽ ശ്രദ്ധ വേണം

 അണുബാധയുള്ളയാളിൽ നിന്ന് രോഗം മറ്റൊരാളിലേക്ക് പകരില്ല

 ഹൈ ഡെഫിനിഷൻ സി.ടി സ്കാൻ, എക്സ് റേ പരിശോധനകളിൽ തിരിച്ചറിയാം

 ഫംഗസ് രോഗങ്ങൾക്ക് പ്രയോഗത്തിലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സ

 കൊവിഡ് നെഗറ്റീവ് ആയിട്ടും ലക്ഷണങ്ങൾ തുടരാം