
തിരുവനന്തപുരം: ആറ്റിങ്ങലിലെ ബീവറേജസ് കോർപറേഷന്റെ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 90 കെയ്‌സ് മദ്യം മോഷണം പോയി. ഈയിടെ ആറ്റിങ്ങലിൽ നിന്നും എക്‌സൈസ് പരിശോധനയിൽ വിദേശമദ്യം പിടികൂടിയിരുന്നു. തുടർന്ന് മദ്യം സൂക്ഷിക്കുന്ന വെയർഹൗസിൽ നടത്തിയ പരിശോധനയിലാണ് അൻപത് കെയ്‌സ് മദ്യത്തിന്റെ കുറവ് കണ്ടത്.
ഒരു വർഷം മുൻപ് ലോക്ഡൗണിന് ശേഷം വെയർഹൗസ് തുറന്ന് സ്‌റ്റോക്കെടുത്തപ്പോൾ 40 കെയ്സ് മദ്യം നഷ്‌ടമായതായി കണ്ടെത്തിയത്. അന്ന് വെയർഹൗസ് മാനേജരടക്കം ഇതിന് പിഴയടക്കേണ്ടി വന്നിരുന്നു. വെയർഹൗസിൽ മോഷണം നടന്നതിന്റേതായ യാതൊരു ലക്ഷണവുമില്ലാതെയാണ് മോഷണം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. അതിന്റെ അമ്പരപ്പിലാണ് എക്‌സൈസ് വകുപ്പ്. സ്ഥലത്തെ സിസിടിവി ക്യാമറ പരിശോധിക്കുമെന്നും അന്വേഷണിക്കുമെന്നും അവർ അറിയിച്ചു.
വെയർഹൗസ് മാനേജർക്കും എക്‌സൈസിനുമാണ് വെയർഹൗസിന്റെ താക്കോൽ കൈവശം വയ്‌ക്കാൻ അധികാരമുളളത്. അതിനാൽ കളളത്താക്കോലിട്ട് തുറന്ന് മദ്യം തട്ടിയെടുത്തതാണോയെന്ന് സംശയമുണ്ടായിട്ടുണ്ട്.
മദ്യം സൂക്ഷിച്ചുവയ്‌ക്കുന്നയിടത്ത് നിന്നും മോഷണം നടന്നത് ഗുരുതരമായതിനാൽ എക്‌സൈസ് കമ്മീഷണറേറ്റിൽ വിവരം അറിയിച്ചിട്ടുണ്ട്. മറ്റ് വെയർഹൗസിലും ഇത്തരത്തിൽ മോഷണമോ തിരിമറിയോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.