തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ പ്രതികരണവുമായി സമസ്ത. മന്ത്രി സഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന്റെ നിറം കെടുത്തി. മുഖ്യമന്ത്രിയിൽ നിന്നും തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നത്. ആരുടെയെങ്കിലും സമ്മർദത്തിന് അദ്ദേഹം വഴിപ്പെടും എന്ന് കരുതുന്നില്ലെന്നും സമസ്ത മുഖപത്രം പറയുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് കെെകാര്യം ചെയ്യുന്നതിൽ നേരത്തെ വി. അബ്ദുറഹ്മാനാണ് സാദ്ധ്യത കൽപ്പിച്ചിരുന്നത്. ഇത്തരത്തിലുളള വാർത്തയായിരുന്നു പുറത്തുവന്നിരുന്നതും. ഇതിനെതിരെ ക്രെെസ്തവ സഭകൾ രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇത്തരം സമ്മർദ്ധത്തിന് വഴങ്ങിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന വിമർശനം ഇപ്പോൾ ഉയരുന്നുണ്ടെന്നും മുഖപത്രം പറയുന്നു.
മുഖ്യമന്ത്രിക്ക് മുസ്ലീം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് വകുപ്പ് തിരിച്ചെടുത്തതെന്ന് ഇ.കെ വിഭാഗം യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചു. വകുപ്പ് തിരിച്ചെടുത്ത് മുഖ്യമന്ത്രി മുസ്ലീം സമുദായത്തെ അപമാനിച്ചെന്ന് നേരത്തെ മുസ്ലീം ലീഗ് പ്രതികരിച്ചിരുന്നു.
അതേസമയം ഈ വിഷയത്തിൽ വിശദീകരണവുമായി സി.പി.എം രംഗത്തെത്തി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ന്യൂനപക്ഷമെന്നാല്‍ മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ചേര്‍ന്നതാണ്. സ്ഥിരമായി ഒരു വിഭാഗത്തിനുതന്നെ ഈ വകുപ്പ് നല്‍കുന്നതില്‍ മറുവിഭാഗത്തിനുള്ള അതൃപ്തി കൂടി പരിഗണിച്ചാണ് തീരുമാനമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.