തിരുവനന്തപുരം: ഗ്രൂപ്പിന് അതീതമായി കോൺഗ്രസിനൊരു രണ്ടാംനിരയുണ്ടെന്നും അവരുടെ ശബ്‌ദം ഉയർന്നുവരുമെന്നും വി ഡി സതീശൻ. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കൗമുദി ടി വിയുടെ സ്‌ട്രെയ്‌റ്റ് ലെയ്‌നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുണ്ടാക്കുന്ന ആഭ്യന്തര കലാപം കോൺഗ്രസ് പാർട്ടിയെ വല്ലാതെ ബാധിക്കും. അതുകൊണ്ടാണ് തങ്ങൾ മിണ്ടാതിരിക്കുന്നത്. താക്കോൽ സ്ഥാനം പിടിച്ചെടുക്കാൻ കോൺഗ്രസിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
അഞ്ചോ പത്തോ പേർ പത്ത് വർഷം കൂടുമ്പോൾ കയറിവരും എന്നല്ലാതെ വലിയ നേതാക്കൾക്ക് ചെറുപ്പക്കാലത്ത് കിട്ടിയ അവസരങ്ങൾ ഇപ്പോഴത്തെ യുവതലമുറയ്‌ക്ക് കിട്ടുന്നില്ല. പാർട്ടിയിൽ തലമുറ മാറ്റം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണ്. 2016ൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇത് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോഴുളള നേതാക്കളുടെ പ്രായത്തിൽ താൻ രാഷ്‌ട്രീയത്തിൽ കാണില്ല. അടുത്ത തലമുറയ്‌ക്ക് ഒരു സ്റ്റേജ് ആകുമ്പോൾ ഒഴിഞ്ഞുകൊടുക്കണമെന്നും സതീശൻ വ്യക്തമാക്കി.