cr-mahesh

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്യാൻ വോട്ടർമാരോട് അനുവാദം ചോദിച്ച് കരുനാ​ഗപ്പളളി മണ്ഡലം നിയുക്ത എം.എൽ.എ സി.ആർ. മഹേഷ്. ഇരുപത്തിനാലിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പായി ഏവരേയും നേരിട്ട് കണ്ട് അനുവാദം വാങ്ങണമെന്ന് കരുതിയിരുന്നതാണ്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിനു കഴിയാത്തതതിനാലാണ് സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ 29,096 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് മഹേഷ് വിജയിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആര്‍. രാമചന്ദ്രനെതിരെയാണ് അദ്ദേഹം അട്ടിമറി വിജയം നേടിയത്. കരുനാഗപ്പളളി മണ്ഡലത്തിൽ നിന്നും 64 വർഷത്തിനുശേഷമാണ് ഒരു കോൺഗ്രസുകാരൻ നിയമസഭയിലേക്ക് എത്തുന്നത്. 1957ല്‍ കോണ്‍ഗ്രസിലെ എ. കുഞ്ഞുകൃഷ്ണനാണ് കരുനാഗപ്പള്ളിയില്‍നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1965ലും അദ്ദേഹം വിജയിച്ചെങ്കിലും അത്തവണ നിയമസഭ ചേര്‍ന്നിരുന്നില്ല. ശേഷം ഇത്തവണത്തെ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഇവിടെ നിന്നും ജയിക്കാനായത്.

സി.ആർ. മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ..
നിങ്ങളിൽ ഒരാളായി കരുനാഗപ്പള്ളി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുവാൻ ഒരു അവസരം തന്നതിനെ വിനയപൂർവ്വം സ്വീകരിക്കുന്നു... ഉൾക്കൊള്ളുന്നു.
ഔദ്യോഗികമായി നിയമസഭയുടെ പ്രതിനിധിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ് 24-5-2021 തിങ്കളാഴ്ച തിരുവനന്തപുരത്തെ നിയമസഭാമന്ദിരത്തിൽ വെച്ച് നടക്കുന്നതാണ്.
ഈ ചടങ്ങിന് മുൻപായി നേരിട്ട് കണ്ട് അനുവാദം ചോദിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചതാണ്.
പക്ഷെ നമ്മുടെ നാട്ടിലെ ഇന്നത്തെ മഹാവ്യാധിയുടെ രൂക്ഷമായ സ്ഥിതിയിൽ എനിക്ക് അതിന് സാധിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ ഓരോരുത്തരോടും ഞാൻ ഇതിന് അനുവാദം ചോദിക്കുകയാണ്.
നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉപദേശ നിർദ്ദേശങ്ങളും എപ്പോഴും എനിക്ക് ഉണ്ടാകണം.
നിങ്ങളുടെ സ്വന്തം സി ആർ മഹേഷ്