ന്യൂഡൽഹി: ആധുനിക അലോപ്പതി മരുന്നുകൾ വിഡ്‌ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന് പരിഹാസവുമായി യോഗാചാര്യൻ ബാബ രാംദേവ്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ രാംദേവിന്റെ ഇക്കാര്യം സൂചിപ്പിക്കുന്ന വീഡിയോ ശ്രദ്ധയിൽ പെട്ട ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധന് പരാതി നൽകി.
ഒന്നുകിൽ രാംദേവ് പറയുന്ന അപവാദം കേട്ട് ആധുനിക മെഡിക്കൽ രംഗത്തെ പിരിച്ചുവിടണമെന്നും അല്ലെങ്കിൽ പകർച്ചാവ്യാധി പ്രതിരോധ നിയമപ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്നും ഐഎംഎ ഭാരവാഹികൾ പത്രപ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
മുൻപും ഇദ്ദേഹത്തിന്റെ 'അത്ഭുത മരുന്നുകൾ' പുറത്തിറക്കുന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ അലോപ്പതി ഡോക്‌ടർമാരെ രാംദേവ് കൊലപാതകികൾ എന്ന് വിളിച്ചിട്ടുണ്ടെന്നും ഇദ്ദേഹവും സുഹൃത്തായ ബാലകൃഷ്‌ണയും ആധുനിക ചികിത്സ സ്വീകരിക്കാറുണ്ടെന്നത് വസ്‌തുതയാണെന്നും ഐഎംഎ പറയുന്നു.
രാംദേവ് നിർമ്മിക്കുന്ന മരുന്നുകൾക്ക് യാതൊരു ശാസ്‌ത്രീയ അടിത്തറയുമില്ലെന്നും ഇവ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും രാംദേവിനെതിരെ സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചു.