ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടി. നാളെ മുതൽ ജൂൺ ഏഴുവരെയാണ് നീട്ടിയത്.
മുതിർന്ന മന്ത്രിമാരും ചീഫ് സെക്രട്ടറിയും മറ്റ് ആരോഗ്യവിദഗ്ദ്ധരുമായി സംസാരിച്ചതിന് ശേഷമാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
ഏപ്രിൽ ഏഴുമുതൽ കർണാടകയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിലേറെ പിന്നിട്ടിട്ടും ബംഗളൂരു നഗരത്തിൽ ഉൾപ്പടെ രോഗവ്യാപനം കുറക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ലോക്ക്ഡൗൺ നീട്ടാൻ സർക്കാർ വീണ്ടും തീരുമാനിച്ചത്.
കർണാടകയിൽ 24 മണിക്കൂറിനിടെ 32,218 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 353 മരണം. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 23,67,742 ആയി ഉയർന്നു. ആകെ മരണം 24,207.