vd-satheeshan

തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് തന്റെ വാർത്താസമ്മേളനം ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഡി സതീശന് ആശംസകൾ നേർന്നത്.

കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് മുഖ്യമന്ത്രി തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ പറയുന്നത്.

കുറിപ്പ് ചുവടെ:

'പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.'

സർക്കാരിന്റെ എല്ലാ നല്ല കാര്യങ്ങളെയും ആത്മാർത്ഥമായി പിന്തുണയ്ക്കുമെന്നും ക്രിയാത്മക പ്രതിപക്ഷം ജനം ആഗ്രഹിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിലൂടെ സതീശൻ പറഞ്ഞു.

ഭരിക്കാൻ അനുവദിക്കാതിരിക്കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. ഈ മഹാമാരിയുടെ കാലത്ത് പ്രതിപക്ഷം സർക്കാരിനൊപ്പം ഉണ്ടാകും. മഹാമാരിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പ്രതിപക്ഷം പിന്തുണ നൽകും. സർക്കാർ തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് ചൂണ്ടിക്കാട്ടും. വിഡി സതീശൻ പറഞ്ഞു.

content details: cm pinarayi vijayan congratulates vd satheeshan on becoming the leader of opposition.