k-surendran

കോഴിക്കോട്: വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതു കൊണ്ടൊന്നും കോൺഗ്രസും യു.ഡി.എഫും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അടുത്ത അഞ്ചു വർഷം കൊണ്ട് കോൺ​ഗ്രസിന്റെ കഥ കഴിയും. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്‌ക്കെതിരേ പറയുന്നത്. അദ്ദേഹത്തിൽ ഒരു പ്രതീക്ഷയും കേരളം വച്ചുപുലർത്തേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പിക്ക് ബന്ധമില്ല. കേസിൽ ബി.ജെ.പിയെ കുടുക്കാനാണ് ശ്രമം. പൊലീസ് തലകുത്തി മറിഞ്ഞാലും ബി.ജെ.പിയെ കേസുമായി ബന്ധപ്പെടുത്താനാകില്ല. തിരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിരുന്നു. വിഷയത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.