suvendu

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുഴുവൻ എം.എൽ.എമാർക്കും വൈ പ്ലസ് സുരക്ഷ നൽകിയതിന് പിന്നാലെ എം.പിമാരായ ശിശിർകുമാർ അധികാരിക്കും ദിവ്യേന്ദു അധികാരിക്കും വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ കടുത്ത എതിരാളിയും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ അച്ഛനാണ് ശിശിർ കുമാർ അധികാരി. ദിവ്യേന്ദു അധികാരി സഹോദരനുമാണ്. തീരുമാനം സംസ്ഥാനത്തെ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ കൂടുതൽ രൂക്ഷമാക്കും.

സി.ആർ.പി.എഫാണ് വൈ പ്ലസ് സുരക്ഷ നൽകുക. ഒരു അംഗരക്ഷനും കമാൻഡോകൾ ഉൾപ്പടെ 11 സായുധ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് വൈ പ്ലസ് സുരക്ഷ. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ 77 എം.എൽ.എമാർക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

തൃണമൂൽ മന്ത്രിയായിരുന്ന സുവേന്ദു അധികാരി ബി.ജെ.പിയിൽ ചേർന്നതിന് ശേഷം നന്ദിഗ്രാമിൽ 1200 ഓളം വോട്ടുകൾക്ക് മമതാ ബാനർജിയെ പരാജയപ്പെടുത്തിയിരുന്നു. സുവേന്ദുവിന്റെ പിതാവ് ശിശിർകുമാർ അധികാരി തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നിട്ടുണ്ടെങ്കിലും എം.പി സ്ഥാനം രാജിവച്ചിട്ടില്ല. സഹോദരൻ ദിവ്യേന്ദു അധികാരിയും തൃണമൂൽ എം.പിയായി തുടരുകയാണ്.

എം.എൽ.എമാർക്ക് സുരക്ഷ ഏർപ്പെടുത്തിയ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്ന് തൃണമൂൽ നേതാക്കൾ ആരോപിച്ചിരുന്നു.

വോട്ടെണ്ണലിന് ശേഷമുണ്ടായ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം ബി.ജെ.പി നേതാക്കൾക്ക് സുരക്ഷ ഏർപ്പെടുത്തിയത്.