മുംബയ്: ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്ന് മുംബയ് കടലിൽ പി-305 ബാർജ് മുങ്ങി മരിച്ചവരുടെ എണ്ണം 60 ആയി. 17 പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പ്രതിരോധവകുപ്പ് അറിയിച്ചു. വരപ്രദ എന്ന ടഗ് ബോട്ടിലെ രണ്ടുപേരുൾപ്പെടെ 188 പേരെ രക്ഷപെടുത്തി. മലയാളികൾ ഉൾപ്പെടെ 261 പേരാണ് പി -305 ബാർജിലുണ്ടായിരുന്നത്. ഐ.എൻ.എസ് കപ്പലുകളായ തേജ്, ബെത്വ, ബീസ് എന്നിവയും പി-81 എയർക്രാഫ്റ്റും കടലിൽ തെരച്ചിൽ തുടരുകയാണ്. എസ്.എസ്-3 ബാർജിലെ 196 പേരും, സാഗർ ഭൂഷണിലെ 101 പേരും സുരക്ഷിതരാണെന്നും ഇവരെ ഉടൻ കരയിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.