p-v-anvar

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ പരിഹസിച്ച് മുസ്ലീം ലീ​ഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ... കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കൊവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണെന്നും അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.

"മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല"എന്ന മുഖ്യമന്ത്രിയുടെ പരാമർശം ഉദ്ധരിച്ചുകൊണ്ട് ലീ​ഗിനെ പരിഹസിച്ച് അൻവർ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അബ്ദുറബ് പോസ്റ്റ് ഇട്ടിരിക്കുന്നത്. എം.എൽ.എ ആയിരിക്കെ അൻവർ പശ്ചിമ ആഫ്രിക്കയിൽ വ്യാപാര ആവശ്യത്തിനായി പോയത് ഏറെ വിവാദമായിരുന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി. പ്രകാശിനെ പരാജയപ്പെടുത്തി അൻവർ എം.എൽ.എ സ്ഥാനം നിലനിർത്തിയിരുന്നു.