covid-vaccine

കേരളം ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത് ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിനായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തേക്ക് പഠനത്തിനായും ജോലിക്കായും പോകുകന്നവർക്ക് ഡബ്‌ള്യു എച്ച് ഒയുടെ അംഗീകാരം ലഭിച്ച കൊവിഷീൽഡ് പോലുള്ള വാക്സിനാകും ഉപകാരപ്പെടുക എന്ന് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇറക്കുമതി ചെയ്യുന്ന വാക്സിനുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള മുൻഗണനകൾ പരിഗണിക്കുന്നുണ്ടോ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ ലോകത്താകെ അംഗീകരിക്കപ്പെടുന്നുണ്ടെന്നും അതിൽ ഏതാണ് ലഭ്യമാകുക എന്ന് സർക്കാർ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിൽ ലഭ്യമാകുന്ന വാക്സിൻ ഇറക്കുമതി ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഐസിഎംആറുമായി പങ്കുചേർന്ന് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇന്ത്യൻ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടനയുടെ എമർജൻസി യൂസ് ലിസ്റ്റിംഗിൽ(ഇ യു എൽ) ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കൊവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമോ എന്നുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്.

കൊവിഷീൽഡ്, മൊഡേണ, ഫൈസർ തുടങ്ങിയ വാക്സിനുകൾ ഇ യു എൽ പട്ടികയിലുണ്ട്. മിക്ക വിദേശരാജ്യങ്ങളും ഈ പട്ടികയിലുള്ള കൊവിഡ് വാക്സിനുകൾ സ്വീകരിച്ചവർക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. പട്ടികയിൽ ഇടം ലഭിക്കുന്നതിനായി ഭാരത് ബയോടെക് 'എക്സ്പ്രെഷൻ ഒഫ് ഇന്ററസ്റ്' അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

content details: cm pinarayi says kerala plans to buy covid vaccines approved by whos eul.