ന്യൂഡൽഹി: ലോക ജെെവവെെവിദ്ധ്യ ദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ മുതലയുടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി. 'മുതലകൾ നിഷ്കളങ്കരാണ്' എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം #BiodiversityDay ഹാഷ്ടാഗും കുറിച്ചിട്ടുണ്ട്. എന്നാൽ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാനാണ് ഈ ചിത്രം തിരഞ്ഞെടുത്തതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
മോദി വെർച്വൽ യോഗത്തിനിടെ നടത്തിയ വികാരഭരിതമായ പ്രസംഗത്തെ പരിഹസിച്ചു കൊണ്ടാണ് രാഹുൽ ചിത്രം പങ്കുവച്ചിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു. മോദിയുടെ കരച്ചില്‍ മുതലക്കണ്ണീരായിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മോദിയെ പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസ് പങ്കുവച്ച വീഡിയോയുടെ തലക്കെട്ടും 'ഒരു മുതലയുടെ കഥ' എന്നായിരുന്നു.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ വികാരാധീനനാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കഴിഞ്ഞ ദിവസം വാരാണസിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കും മുന്നണിപ്പോരാളികൾക്കും നന്ദി പറഞ്ഞുകൊണ്ട് ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം വിതുമ്പിയത്.