sdpi

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തുടർന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ധ്രുവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതും സാമൂഹ്യ ഘടനയിൽ വിളളലുകൾ വീഴ്ത്താൻ പര്യാപ്തവുമാണെന്ന് എസ്.ഡി.പി.ഐ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏത് മന്ത്രി കൈകാര്യം ചെയ്താലും അത് നീതി പൂർവ്വകമായിരിക്കണം. അത് പൊതുജനങ്ങളെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്‌നവുമല്ല. എന്നാൽ ഒരു സമുദായം അവിഹിതവും അനർഹവുമായി സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുത്തുവെന്ന ആരോപണങ്ങൾ ഉയർത്തി ഒരാവശ്യം ഉന്നയിക്കുമ്പോൾ ഒരു അന്വേഷണവും നടത്താതെ അതംഗീകരിച്ച് കൊടുക്കുന്നത് ആ ആരോപണങ്ങൾ സർക്കാർ ശരിവെക്കുന്നതിന് തുല്യമാണെന്നും എസ്.ഡി.പിഐ അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന പ്രാതിനിധ്യ രാഷ്ട്രീയത്തെ പരിഗണിക്കാതെ മുന്നാക്ക വിഭാഗങ്ങൾക്ക് അമിത പ്രധാന്യം നൽകിയെന്ന് ചൂണ്ടികാണിച്ച് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നടപടി. ഇത് സർക്കാരിനെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും. അർഹമായതല്ലാതെ മറ്റൊന്നും ഒരു സമുദായവും നേടുന്നില്ലെന്നും ഒരു വിഭാഗത്തിനും ഒരവകാശവും നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടത് മതേതര സർക്കാരിന്റെ ബാദ്ധ്യതയാണ്.

ന്യൂനപക്ഷ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന സമുദായങ്ങൾക്ക് ഇതുവരെ ലഭിച്ച ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് സമുദായം തിരിച്ച് പുറത്ത് വിടാൻ സർക്കാർ തയ്യാറാവണം. സാമൂഹ്യനീതി ഉറപ്പ് വരുത്താനുള്ള സർക്കാരിന്റെ ഇടപെടലുകളെ വർഗീയതയും ന്യൂനപക്ഷ പ്രീണനവും ആരോപിച്ച് തടയിടാനും വിഭാഗീയത വളർത്താനുമുള്ള സംഘപരിവാർ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്നും എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.