pinarayi-vijayan

തിരുവനന്തപുരം:ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കൊവിഡ് മരുന്ന് വാങ്ങാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ആരോഗ്യപ്രവർത്തകർ രംഗത്ത്. 2 ഡയോക്‌സി ഡി ഗ്ലൂക്കോസ് (2 ഡിജി) എന്ന മരുന്നാണ് ഡി ആർ ഡി ഒ വികസിപ്പിച്ചത്.

ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത മരുന്ന് രോഗികളിൽ പരീക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയത്. പരീക്ഷണ ഫലങ്ങൾ ഒരു അംഗീകൃത ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.2ഡിജി മരുന്ന് വാങ്ങാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഡയോക്‌സി ഡി ഗ്ലൂക്കോസ് രോഗതീവ്രത കുറയ്ക്കുമെന്നാണ് ഡിആർഡിഒയുടെ ആവകാശവാദം. ഡോ. റെഡ്ഡിസ് ലബോറട്ടറികളുമായി സഹകരിച്ച് ഡിആർഡിഒയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ആണ് ഈ മരുന്ന് വികസിപ്പിച്ചത്.പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം.