തിരുവനന്തപുരം: ലോക്ക്ഡൗണിൽ മദ്യ വിതരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. മദ്യം തൽക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ തവണത്തേപ്പോലെ ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യശാലകളിലെ തിരക്കു കുറയ്ക്കാൻ വേണ്ടിയായിരുന്നു ബെവ്ക്യു ആപ് ഏർപ്പെടുത്തിയത്.ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്നിരുന്നു. മദ്യ വിതരണം എങ്ങനെ നടത്താനാകുമെന്നത് സംബന്ധിച്ച് എംവി ഗോവിന്ദൻ ബെവ്‌കോ എംഡിയുമായി ചർച്ച നടത്തി.
ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യണമെങ്കിൽ കേരള വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസൽ റൂളിലും ഭേദഗതി വേണം. ഇതുസംബന്ധിച്ച് ബെവ്‌കോ എംഡിയുടെ മുന്നിൽ ഏതെങ്കിലും കമ്പനിയുടെ അപേക്ഷ എത്തിയാൽ അത് എക്‌സൈസ് കമ്മിഷണർക്കു കൈമാറും. കമ്മിഷണർ വിശദവിവരങ്ങൾ സഹിതം എക്‌സൈസ് മന്ത്രിക്കു ശുപാർശ സമർപ്പിക്കും. മദ്യത്തിന്റെ കാര്യമായതിനാൽ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.