ബ്രസീലിയ: പൊതുപരിപാടിക്കിടെ ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ബ്രസീലിയൻ പ്രസിഡന്റ് ജെയ്ൻ ബോൾസോനാരോയ്ക്ക് പിഴ. ആരോഗ്യവകുപ്പ് അധികൃതർ പ്രസിഡന്റിനെതിരെ കേസ് ഫയൽ ചെയ്തു. നിയമം എല്ലാവർക്കും ബാധകമാണെന്ന് വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ ഗവർണർ ഫ്ലാവിയോ ഡിനോ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് നൂറിലധികം ആളുകളുടെ ഒത്തുചേരൽ നിരോധിച്ചിട്ടുണ്ടെന്നും ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നത് നിർബന്ധമാണെന്നും ഡിനോ ജനങ്ങളെ ഓർമിപ്പിച്ചു. ബോൾസോനാരോയുടെ ഓഫീസിന് അപ്പീൽ നൽകാൻ 15 ദിവസമുണ്ട്, അതിനുശേഷം പിഴ തുക നിശ്ചയിക്കും. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പ്രസിഡൻ്റിൻ്റെ ഓഫീസ് തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാരൻഹാവോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സാവോ ലൂയിസിൽ നിന്ന് 500 കിലോമീറ്റർ അകലെ അസൈലാൻഡിയയിലെ ഗ്രാമീണ മേഖലയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാരുന്നു ബോൾസോനാരോ. ചടങ്ങിൽ, ഫേസ് മാസ്ക്കില്ലാതെ എത്തിയ പ്രസിഡന്റ് ഗവർണർ ഡിനോയെ “ചബ്ബി ഡിക്ടേറ്റർ” എന്നാണ് വിശേഷിപ്പിച്ചത്.
അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയർന്ന കൊവിഡ് മരണമുണ്ടായത് ബ്രസീലിലാണ്. ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച ബ്രസീലിലെ ആദ്യ കേസ്, രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ മാരൻഹാവോയിൽ റിപ്പോർട്ട് ചെയ്തു. ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത ചരക്ക് കപ്പലിലെ ആറു ക്രൂ അംഗങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്.