ന്യൂഡൽഹി: കഴിഞ്ഞദിവസം വാരണസിയിലെ ആരോഗ്യപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായത് വാർത്തയായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ ഓർത്തായിരുന്നു മോദി വിതുമ്പിയത്.
ഇതിന് പിന്നാലെ ചിലർ പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീരാണെന്ന് വിമർശിച്ചിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ ചില ട്രോളുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മോദിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്.അദ്ദേഹത്തിന്റെ കണ്ണുനീർ സത്യമോ വ്യാജമോ ആയിക്കോട്ടെ, എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നതെന്നാണ് നടി ചോദിക്കുന്നത്.
'കണ്ണുനീർ സത്യമോ വ്യാജമോ ആയിക്കോട്ടെ. നിങ്ങൾ അത് സത്യമാണോ എന്നറിയാൻ പരിശോധന നടത്തുകയാണോ ചെയ്യുക, അതോ അന്യന്റെ പ്രയാസങ്ങളിൽ വിഷമിക്കുന്ന വ്യക്തിയുടെ വൈകാരികതയെ സ്വീകരിക്കുകയാണോ ചെയ്യുക?
മനസിന്റെ വിങ്ങൽ മാറാൻ ചിലർക്ക് ദുഖം പങ്കിട്ടേ മതിയാവൂ. ആ കണ്ണുനീർ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രസക്തി? അത് ഇത്ര വലിയ കാര്യമാണോ? ചിലർ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണുന്നവരാണ്. പ്രധാനമന്ത്രിയോട് ഞാൻ പറയുന്നു. അങ്ങയുടെ കണ്ണുനീർ ഞാൻ സ്വീകരിക്കുന്നു. ജയ് ഹിന്ദ്.'- എന്നാണ് നടി പ്രതികരിച്ചിരിക്കുന്നത്.