ആലപ്പുഴ: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള ഹൈക്കമാന്റിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല. വെല്ലുവിളി നിറഞ്ഞ ഈ സന്ദർഭത്തിൽ കോൺഗ്രസിനെ ശക്തമായി മുന്നോട്ടു നയിക്കാൻ സതീശന് കഴിയട്ടേ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയതുൾപ്പടെയുള്ള കാര്യങ്ങൾ ഇനി ചർച്ചാവിഷയം അല്ല. കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും തിരിച്ചു വരവിനുള്ള പാതയൊരുക്കുക എന്നതാണ് ലക്ഷ്യം. അതിനു വേണ്ടി എല്ലാ പ്രവർത്തകരും നേതാക്കളും യുഡിഎഫിനെ സ്‌നേഹിക്കുന്നവരും ഒരുമിച്ച് നിൽക്കുക എന്നതാണ് പ്രധാനം- ചെന്നിത്തല പറഞ്ഞു.
'എനിക്ക് ഒരു നിരാശയുമില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ, പ്രതിപക്ഷത്തിന് ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ സന്തോഷമേയുള്ളൂ. പ്രതിപക്ഷ ധർമം പൂർണമായും നിറവേറ്റി. എന്റേത് ഇടതുമുന്നണി സർക്കാരിനെതിരായ പോരാട്ടമായിരുന്നു. അത് ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടാൽ മനസിലാകും. എനിക്ക് പിണറായി വിജയന്റെ ഒരു സർട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. '- ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ ജനങ്ങൾ വിലയിരുത്തട്ടേ എന്നും ചെന്നിത്തല പറഞ്ഞു.കെ.പി.സി.സിയിൽ തലമുറമാറ്റം വേണോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും, ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അത് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരവസരം കൂടി കിട്ടണമെന്ന് വ്യക്തിപരമായി ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നതാണെന്നും, നേതാക്കന്മാരാണ് ഈ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.