kodakara-bjp

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘത്തിന് മുമ്പാകെ ബി.ജെ.പി നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. ഹാജരാകാൻ കഴിയില്ലെന്ന വിവരം ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു.

ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ​ഗിരീഷ് എന്നിവരോടാണ് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകിയത്‌. ചോദ്യം ചെയ്യലിനായി മുതിർന്ന ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. രണ്ട് ദിവസത്തെ സാവകാശം വേണമെന്നും തിരുവനന്തപുരത്ത് നിന്ന് ചോദ്യം ചെയ്യലിനായി എത്താൻ അസൗകര്യം ഉണ്ടെന്നുമാണ് നേതാക്കൾ അന്വേഷണ സംഘത്തെ അറിയിച്ചത്.

ബി.ജെ.പി.യുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, ബി.ജെ.പി മേഖലാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവരെ നേരത്തെ പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

അതേസമയം കേസിലെ മൂന്നരക്കോടി എത്തിയത് ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണെന്ന് പൊലീസ് കണ്ടെത്തി. ഇടപാടിന്റെ ഇടനിലക്കാരായ സുനിൽ നായിക്, ധർമരാജൻ എന്നിവരിൽ നിന്നാണ് പൊലീസിന് ഈ മൊഴി ലഭിച്ചത്. എന്നാൽ ഇയാൾ ആർക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും മൊഴിയിൽ പറയുന്നു. കുഴൽപ്പണം വന്നത് കർണാടകയിൽ നിന്നാണെന്നും ബി.ജെ.പിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നു തന്നെയാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.