" തിരുവനന്തപുരത്ത് മ്യൂസിയത്തോട് ചേർന്നുള്ള
ശ്രീചിത്രാ ആർട്ട് ഗാലറി ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുണ്ടോ ? "
ചോദ്യം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.വേണുവിന്റേതായിരുന്നു.
ലോകപ്രശസ്ത ചിത്രകാരനായ രാജാ രവിവർമ്മയുടെയും റോറിച്ചിന്റെയുമൊക്കെ ചിത്രങ്ങളുള്ള ഈ ഗാലറി എത്രപേർ സന്ദർശിക്കുന്നുണ്ട്. ?
ഡൽഹിയിൽ നാഷണൽ മ്യൂസിയത്തിന്റെ ഡയറക്ടർ ജനറൽ പദവി വഹിച്ചിട്ടുള്ള വേണുവിന് ഒരു നാടിന്റെ സാംസ്കാരികത്തനിമ സംരക്ഷിക്കുന്നതിലും നിലനിറുത്തുന്നതിലും മ്യൂസിയങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് നല്ല അറിവും താത്പര്യവുമുള്ളത് എന്തായാലും കേരളത്തിന് ഗുണമായി മാറുന്നു. സ്വന്തം പേരിൽ തിരുവനന്തപുരം നഗരിയിൽ ഒരു ആർട്ട് ഗാലറി സ്ഥാപിക്കണമെന്ന വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ആഗ്രഹം ഒരു നൂറ്റാണ്ടിനുശേഷം സഫലമാവുകയാണ്. പുരാവസ്തു,പുരാരേഖ, മ്യൂസിയം വകുപ്പിന്റെ സെക്രട്ടറിയെന്ന നിലയിൽ വേണു അതിന് മുൻകൈയെടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ സർവാത്മനാ പിന്തുണയ്ക്കുകയും ചെയ്തതോടെ കാര്യങ്ങൾ വേഗം നീങ്ങുകയാണ്. ശ്രീചിത്രാ ആർട് ഗാലറിയോട് ചേർന്ന് രണ്ട് നിലകളിലായി അന്താരാഷ്ട്ര നിലവാരത്തിലുള്ള രാജാ രവിവർമ്മ ആർട് ഗാലറി വൈകാതെ ഉദ്ഘാടനം ചെയ്യപ്പെടും. നാലു പതിറ്റാണ്ടായി പലരും നടത്തിയ ശ്രമങ്ങൾക്കാണ് ഇപ്പോൾ ഫലം കാണുന്നത്.
രവിവർമ്മയുടെ 43 ഒറിജിനൽ ചിത്രങ്ങളും അദ്ദേഹം വരച്ച സ്കെച്ചുകളും ഗാലറിയിൽ ഉണ്ടാകും. പ്രശസ്തമായ ഹംസ ദമയന്തി, ശകുന്തള, വിരാട സദസിലെ ദ്രൗപദി തുടങ്ങിയവയും ഈ ചിത്രശേഖരത്തിൽ ഉൾപ്പെടുമെന്ന് ഇതിന് ഊർജ്ജസ്വലമായ നേതൃത്വം നൽകുന്ന മ്യൂസിയം ഡയറക്ടർ അബു ശിവദാസ് പറയുന്നു .രവി വർമ്മയുടെ ചിത്രങ്ങൾക്കു മാത്രമായി ഒരു നില സജ്ജമാക്കിയിട്ടുണ്ട്. ഗാലറിയിൽ രവിവർമ്മയുടെ അനുജൻ രാജ രാജവർമ്മ വരച്ച 38 ചിത്രങ്ങളും ഉണ്ടാകും. ശ്രീ ചിത്രാ ആർട്ട് ഗാലറിയുടെ ഹെറിട്ടേജ് കെട്ടിടത്തിന് യാതൊരു പോറലുമേൽപ്പിക്കാതെയാണ് പുതിയ ഗാലറി ആധുനിക സംവിധാനങ്ങളോടെ തയ്യാറാക്കുന്നത്.രവിവർമ്മ ചിത്രങ്ങളിൽ ഗവേഷണം ചെയ്തിട്ടുള്ള ഗണേശ് ശിവസ്വാമിയാണ് ഗാലറി ക്യൂറേറ്റ് ചെയ്തത്.
ആർട്ട് ഗാലറിയോടൊപ്പം ചിത്രങ്ങൾക്ക് കേടുപാടുണ്ടാകാതെ സംരക്ഷിക്കുന്നതിനുളള കൺസർവേഷൻ ലബോറട്ടറിയും നിർമ്മിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ ഇത്തരത്തിൽ മറ്റൊരു ലാബുണ്ടാവുകയില്ല.1935 ലാണ് ശ്രീചിത്രാ ആർട്ട് ഗാലറി തുടങ്ങുന്നത്. മ്യൂസിയം ആൻഡ് പബ്ളിക് ഗാർഡൻ വിഭാഗം മേധാവിയുടെ ഒൗദ്യോഗിക വസതിയായിരുന്നു ഇത്. മൈസൂർ ഗാലറിയൊക്കെ സജ്ജീകരിച്ച ജെയിംസ് ഹെൻട്രി കസിൻസിനെ തിരുവിതാംകൂർ രാജകുടുംബം ക്ഷണിച്ചുകൊണ്ടു വരികയായിരുന്നു. കിളിമാനൂർ കൊട്ടാരത്തിൽ നിന്നും ലഭിച്ച ചിത്രങ്ങളും മുഗൾ ചിത്രങ്ങളും തഞ്ചാവൂർ ചിത്രങ്ങളുമൊക്കെ ഇവിടെ സെറ്റ് ചെയ്തു. പക്ഷേ ഫലപ്രദമായി സംരക്ഷിക്കപ്പെട്ടിരുന്നില്ല.
നാട്ടിൽ പ്രതീക്ഷിച്ചതുപോലെ പിന്തുണ ലഭിക്കാതെ വന്നപ്പോൾ ബറോഡ രാജാവിന്റെ ക്ഷണം സ്വീകരിച്ച് രവിവർമ്മ അങ്ങോട്ടുപോയി. രവിവർമ്മയുടെ ചിത്രങ്ങൾ പ്രശസ്തമായതോടെ പല രാജകൊട്ടാരങ്ങളിലും അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിൽ പ്രസ് തുടങ്ങുകയും ചെയ്തു. ആ അച്ചടി കേന്ദ്രത്തിൽ നിന്നും തന്റെ ചിത്രങ്ങളുടെ ക്രോമോലിത്തോഗ്രാഫ് പ്രിന്റുകൾ രവിവർമ്മ കുറഞ്ഞ വിലയ്ക്ക് എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കി. അതോടെ പ്രശസ്തി കൊടുമുടിയേറി. വിയന്ന,ഷിക്കാഗോ എന്നിവിടങ്ങളിൽ നിന്നും വലിയ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തി.
അക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവ് അഞ്ച് ചിത്രങ്ങൾ വരച്ചു നൽകാൻ ആവശ്യപ്പെട്ടു. തന്റെ പേരിൽ ആർട്ട് ഗാലറിയും സ്കൂളും സ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയോടെയാണ് രവിവർമ്മ ചിത്രങ്ങൾ നൽകിയത്. പക്ഷേ ഒരു ചിത്രത്തിന് മൂവായിരം രൂപ വച്ച് പ്രതിഫലം നൽകിയതല്ലാതെ ആ ആഗ്രഹങ്ങൾ നടപ്പിലായില്ല.
അന്ത്യനാളുകളിൽ കിളിമാനൂരിൽ വന്ന് താമസിച്ച രവിവർമ്മയ്ക്കായി അവിടെ ഒരു പോസ്റ്റോഫീസ് തന്നെ കമ്പിത്തപാൽ വകുപ്പിന് തുടങ്ങേണ്ടി വന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് കത്തുകളും മറ്റും വന്നിരുന്നത്. പ്രമേഹം മൂർച്ഛിച്ച് അത്യാസന്ന നിലയിലായപ്പോൾ വിദേശ മാദ്ധ്യമ പ്രതിനിധികൾ ആ വിവരം റിപ്പോർട്ട് ചെയ്യാനായി കിളിമാനൂരിലെത്തിയിരുന്നു.
7.9 കോടി രൂപയാണ് ആർട് ഗാലറിക്കായി സർക്കാർ അനുവദിച്ചത്. കഴിഞ്ഞവർഷം നവംബറിലാണ് മുഖ്യമന്ത്രി തറക്കല്ലിട്ടത്. അതിവേഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സർക്കാർ നോഡൽ ഏജൻസിയായ കേരളം മ്യൂസിയമാണ് നിർമ്മാണ ചുമതല വഹിക്കുന്നത്. ഉദ്ഘാടനശേഷം പൊതുജനങ്ങൾക്ക് ചെറിയ ഫീസ് നൽകി ഗാലറി സന്ദർശിക്കാൻ അവസരമുണ്ടാകും.
രവിവർമ്മ ചിത്രങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള ചിത്രകലാ നിരൂപകൻ കൂടിയായ പ്രൊഫ.എം.ജി.ശശിഭൂഷൺ പറയുന്നു. -
" വളരെ നല്ല കാര്യമാണ്. 1984 ൽ രവിവർമ്മ ഗാലറിക്ക് തറക്കല്ലിടുന്ന ചടങ്ങിൽ പങ്കെടുക്കാൻ അച്ഛനെ (പ്രൊഫ.എസ്.ഗുപ്തൻനായർ ) മന്ത്രി ആർ.ബാലകൃഷ്ണപിള്ള ക്ഷണിച്ചപ്പോൾ, താൻ നടക്കാൻ വരുന്ന സ്ഥലമാണെന്നും ആ കല്ല് അതുപോലെ കിടന്ന് അതിൽ തട്ടി വീഴേണ്ടി വരരുതെന്നും പറഞ്ഞതോർമ്മയുണ്ട്. പിന്നീട് പലരും കല്ലിട്ടു. എന്തായാലും ഇപ്പോൾ അത് യാഥാർത്ഥ്യമാകുന്നു എന്നറിയുന്നത് സന്തോഷമുള്ള കാര്യമാണ്."