torture-in-custody

ബംഗളൂരു: കസ്റ്റഡിയിലിരിക്കെ ദളിത് യുവാവിനെ നിർബന്ധപൂർവ്വം പൊലീസ് മൂത്രം കുടിപ്പിച്ചതായി പരാതി. കർണാടകയിലെ ചിക്കമംഗളൂരുവിലെ ഒരു പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പുനീത് കെ.എൽ. (22) എന്ന ദളിത് യുവാവാണ് ഇൻസ്പെക്ടർക്കെതിരെ പരാതി നൽകിയത്.

ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നാരോപിച്ച് ​ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 10നാണ് പുനീതിനെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ തനിക്ക് ആക്രമം നേരിടേണ്ടതായി വന്നു എന്ന പരാതിയുമായി യുവാവ് ഉന്നത ഉദ്യോ​ഗസ്ഥരെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. മണിക്കൂറുകളോളം പൊലീസ് തന്നെ മർദ്ദിച്ചു, വെളളം ചോദിച്ചപ്പോൾ നൽകിയില്ല. മോഷണക്കേസ് പ്രതിയോട് തന്റെ മുകളിൽ മൂത്രം ഒഴിക്കാൻ നിർബന്ധിച്ചു വെന്നും പുനീത് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മോഷണക്കേസ് പ്രതി ആദ്യം വിസമ്മതിച്ചുവെങ്കിലും പറഞ്ഞത് ചെയ്തില്ലെങ്കിൽ പീഡിപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. തന്നെ നിലത്തെ മൂത്രത്തുളളികൾ നക്കാൻ പൊലീസ് ഉദ്യോഗസ്ഥൽ പ്രേരിപ്പിച്ചു. തന്നെ വാക്കാലുളള അധിക്ഷേപത്തിന് വിധേയനാക്കുകയും തെറ്റായ കുറ്റസമ്മതം നടത്താൻ നിർബന്ധിച്ചുവെന്നും പുനീത് പറയുന്നു. ഔദ്യോഗികമായി പരാതി ഒന്നും ലഭിക്കാതിരുന്നിട്ടു കൂടി ഇത്തരം അതിക്രമം നേരിടേണ്ടി വന്നതോടെ അപമാനിക്കപ്പെട്ടതായി തോന്നിന്നും യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ ചിക്കമം​ഗളൂരു പൊലീസ് സൂപ്രണ്ട് അക്ഷയ് ഹകേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണവിധേയനായ സബ് ഇൻസ്പെക്ടറെ നിലവിൽ സ്ഥലം മാറ്റിയിരിട്ടുണ്ട്. അതേസമയം, വകുപ്പുതല അന്വേഷണം പൂർത്തിയായ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഹകേ വ്യക്തമാക്കി.