vvv

ബീജിംഗ്: ചൈനയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗണ്ടെൻ മാരത്തണിൽ പങ്കെടുത്ത 21 പേർക്ക് കനത്ത മഞ്ഞുമഴയിൽപ്പെട്ട് ദാരുണാന്ത്യം. അതിശക്തമായ കാറ്റും മഴയും ആലിപ്പഴം വീഴ്ചയുമാണ് അപകടകാരണമെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ചയാണ് സംഭവം നടന്നത്. സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിലുള്ള ഗാൻസു പ്രവിശ്യയിലെ ബൈയിൻ സിറ്റിക്ക് സമീപം യെല്ലോ റിവർ സ്‌റ്റോൺ ഫോറസ്റ്റിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.

ശനിയാഴ്ച ഉച്ചയോടെ മാരത്തണിന്റെ 20 -31 കിലോമീറ്ററിനിടെയാണ് അപകടമുണ്ടായതെന്ന് ബൈയിൻ സിറ്റി മേയർഅറിയിച്ചു. അപ്രതീക്ഷിതമായി വന്നെത്തിയ മഞ്ഞു മഴയിലും കാറ്റിലും പ്രദേശത്തെ അന്തരീക്ഷ താപനില വല്ലാതെ കുറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 172 പേരായിരുന്നു മാരത്തണിൽ പങ്കെടുത്തിരുന്നത്.

മാരത്തണിനിടയിൽ അപകടമുണ്ടായെന്നും രക്ഷിക്കണമെന്നുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെ സംഘാടകർ രക്ഷാസംഘത്തെ അയക്കുകയും18 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.