ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന അഭിപ്രായവുമായി കൂടുതൽ സംസ്ഥാനങ്ങൾ. സെപ്തംബറിലോ അതിനു ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിർദ്ദേശം. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേർത്ത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായം അറിയിച്ചത്.
രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായി കുറയുന്ന സാഹചര്യത്തിലാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായം സംസ്ഥാനങ്ങൾ പ്രകടിപ്പിച്ചത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങൾക്ക്. എന്നാൽ ജൂലായ് മാസത്തിന് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാർത്ഥികൾക്ക് ഒന്നിലധികം അവസരം നൽകുകയെന്ന നിർദ്ദേശവുമുണ്ട്. ചില പരീക്ഷകൾ മാത്രം നടത്താമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിർദ്ദേശവും ചർച്ചയായി. ഒടുവിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. വിദ്യാർത്ഥികൾക്ക് വാക്സീൻ എത്രയും വേഗം നൽകണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. രമേശ് പൊഖ്രിയാനും പങ്കെടുത്തു. നീറ്റ് പോലുളള മറ്റു പ്രൊഫഷണൽ കോഴ്സുകളിലേക്കുളള മത്സര പരീക്ഷകളും നടത്തുന്നതടക്കമുളള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടററും പരീക്ഷാ കമ്മീഷണറുമായ ജീവൻ ബാബു.കെ ഐ.എ.എസും പങ്കെടുത്തു.
കേരളത്തില്‍ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. വലിയൊരു വിഭാഗം കുട്ടികളും രക്ഷകർത്താക്കളും ദേശീയ തലത്തില്‍ നടത്തപ്പെടുന്ന സി.ബി.എസ്.ഇ പരീക്ഷകള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഇതില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേരളം അറിയിച്ചു.
ഉന്നതപഠനം സംബന്ധിച്ച് വിവിധ തലങ്ങളിലുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്താല്‍ ഇതിലേക്കുള്ള സമയക്രമം മുൻകൂട്ടി പ്രഖ്യാപിച്ച് പൊതുമാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. മുഴുവന്‍ സ്‌കൂള്‍ കുട്ടികൾക്കും കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടത്തണമെന്ന നിർദ്ദേശവും കേരളം കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിച്ചു.