apology

റായ്​പൂർ: ഛത്തീസ്ഗഡിൽ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സൂരജ്​പൂർ ജില്ല കളക്​ടർ രൺബീർ ശർമ​ മാപ്പ് പറഞ്ഞു. അതേസമയം, ശർമ്മയെ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ്​ ബാഗൽ അറിയിച്ചു. റായ്പൂർ പഞ്ചായത്ത് സി.ഇ.ഒ ഗൗരവ് കുമാർ സിംഗിനെ പുതിയ കളക്ടറായി നിയമിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണിത്. യുവാവ് മരുന്ന് വാങ്ങാനായാണ് പുറത്തിറങ്ങിയതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുവാക്കളുടെ ധിക്കാരപരമായ പെരുമാറ്റത്തെ തുടർന്നാണ്​ ഞാൻ പ്രകോപിതനായ​ത്. ആദ്യം യുവാവ്​ വാക്​സിൻ സ്വീകരിക്കാൻ പോകുകയാണെന്നാണ്​ പറഞ്ഞത്​. എന്നാൽ അതിന്റെ രേഖകൾ കൈവശമില്ലായിരുന്നു. പിന്നീട്​ മുത്തശ്ശിയെ കാണാൻ പോകുകയാണെന്നായിരുന്നു പ്രതികരണം.

യുവാവിനെ നിന്ദിക്കാനോ അപമാനിക്കാനോ ഞാൻ ആഗ്രഹിച്ചിട്ടില്ല. പകർച്ചവ്യാധി ഘട്ടത്തിൽ സംസ്ഥാനത്ത് നിരവധി ജീവനുകളാണ്​ നഷ്​ടപ്പെടുന്നത്​ - ശർമ പറഞ്ഞു.

യുവാവിനെ ശർമയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസുകാരോടും യുവാവിനെ അടിക്കാനും എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാനും ശർമ നിർദ്ദേശം നൽകി.

യുവാവിന്റെ ഫോൺ ശർമ പിടിച്ചുവാങ്ങുന്നതും നിലത്തേക്ക്​ എറിയുന്നതും മർദിക്കുന്നതും വീഡിയോയിൽ കാണാം. മർദ്ദനത്തിനിടെ ചില പേപ്പറുകൾ ശർമയെ കാണിക്കുന്നതും എന്തിനാണ്​ പുറത്തിറങ്ങിയതെന്ന് യുവാവ്​​ വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്​. പിന്നീട്, യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.