kk

ന്യൂഡൽഹി :ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.. നാളെ രാവിലെയോടെ 'യാസ്' ചുഴലിക്കാറ്റായി മാറും. മെയ് 26 ന് വൈകുന്നേരം വടക്കൻ ഒഡിഷ പശ്ചിമ ബംഗാൾ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ല. അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. കിഴക്കൻ തീരങ്ങളിലെ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം കേന്ദ്രം നൽകി. മുംബൈ ബാർജ് അപകടത്തിൻറെ പശ്ചാത്തലത്തിൽ തീരത്ത് നിന്നും അകലെ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കം നടപടികൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ 85 സംഘങ്ങളെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നൽകി. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.