cairn

ന്യൂഡൽഹി: മുൻകാല പ്രാബല്യത്തോടെയുള്ള നികുതി (റെട്രോ ടാക്‌സ്) കേസിൽ കഴിഞ്ഞ ഡിസംബറിൽ ബ്രിട്ടീഷ് കമ്പനിയായ കെയിൻ എനർ‌ജിക്ക് അനുകൂലമായി നെതർലൻഡ്സിലെ ഹേഗിലെ അന്താരാഷ്‌ട്ര കോടതിയുടെ വിധി ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ‌ വ്യക്തമാക്കി. കെയിനിന് കേന്ദ്രസർക്കാർ 120 കോടി ഡോളർ (8,700 കോടി രൂപ) നഷ്‌ടപരിഹാരം തിരിച്ചുനൽകണമെന്നാണ് കോടതി വിധി.

പിഴയടക്കം ഇത് 170 കോടി ഡോളർ (12,540 കോടി രൂപ) വരും. നഷ്‌ടപരിഹാരം നൽകാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് കാട്ടി അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, സിംഗപ്പൂർ, നെതർലൻഡ്‌സ്, ജപ്പാൻ, യു.എ.ഇ., കേമാൻ ഐലൻഡ്സ് രാജ്യങ്ങളിലെ കോടതികളെ സമീപിച്ച് ഇന്ത്യൻ ആസ്‌തികൾ കണ്ടുകെട്ടാനുള്ള അപേക്ഷ കെയിൻ നൽകിയിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, വിമാനങ്ങൾ, കപ്പലുകൾ, മറ്റ് ആസ്‌തികൾ തുടങ്ങിയവ കണ്ടുകെട്ടുകയായിരുന്നു ലക്ഷ്യം.

ഇന്ത്യയുടെ നടപടി ബ്രിട്ടനുമായുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനമാണെന്ന് കാട്ടിയാണ് ഹേഗിലുള്ള പാർലമെന്റ് കോർട്ട് ഒഫ് ആർബിട്രേഷനിലെ മൂന്നംഗ ട്രൈബ്യൂണൽ കെയിനിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ, വിധി അംഗീകരിക്കില്ലെന്നും ബ്രിട്ടനുമായുള്ള കരാറുകൾ ഇന്ത്യ ലംഘിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കെയിനിന് നഷ്‌ടപരിഹാരം നൽകാമെന്ന് ഏറ്റിട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ധനമന്ത്രാലയം അറിയിച്ചു. കോർപ്പറേറ്റ് സ്ഥാപനവുമായുള്ള നികുതി തർക്കം പരിഹരിക്കാനുള്ള അവകാശം ഹേഗിലെ ട്രൈബ്യൂണലിനില്ലെന്ന വാദവും ഇന്ത്യയ്ക്കുണ്ട്.

കെയിൻ കേസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബാങ്കുകളോട് വിദേശത്തെ നിക്ഷേപം പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടുവെന്ന വാർത്തകളും ധനമന്ത്രാലയം നിഷേധിച്ചു. 2006-07ൽ ആഭ്യന്തര പുനഃസംഘടനയുടെ ഭാഗമായി കെയിൻ ഇന്ത്യ ഹോൾഡിംഗ്‌സ് കമ്പനിയുടെ ഓഹരികൾ മാതൃകമ്പനിയായ കെയിൻ യു.കെ., കെയിൻ ഇന്ത്യ കമ്പനിക്ക് കൈമാറിയിരുന്നു. ഇതിലൂടെ കെയിൻ യു.കെ സാമ്പത്തികലാഭം നേടിയെന്ന് കണ്ടെത്തിയ ഇന്ത്യൻ ആദായനികുതി വകുപ്പ് 25,000 കോടി രൂപയുടെ റെട്രോസ്‌പെക്‌റ്റീവ് ടാക്‌സ് (മുൻകാല പ്രാബല്യത്തോടെയുള്ള നികുതി) ആവശ്യപ്പെട്ടു.

ഇതിനെതിരെ ഇന്ത്യയിലെ കോടതികളെ കെയിൻ സമീപിച്ചെങ്കിലും തോറ്റു. തുടർന്നാണ് കേസ് അന്താരാഷ്‌ട്ര കോടതികളിലേക്ക് നീണ്ടത്.

ട്രൈബ്യൂണലിൽ

ഇന്ത്യൻ ജഡ്‌ജിയും

കെയിൻ എനർജിക്കേസിൽ ഇന്ത്യയ്ക്ക് പ്രതികൂലമായി വിധിപറഞ്ഞ ഹേഗിലുള്ള പാർലമെന്റ് കോർട്ട് ഒഫ് ആർബിട്രേഷനിലെ മൂന്നംഗ ട്രൈബ്യൂണലിൽ ഒരു ജഡ്‌ജിയെ നാമനിർദേശം ചെയ്‌തത് ഇന്ത്യയാണ്. ഒരാളെ കെയിൻ എനർജിയും നിർദേശിച്ചു. മൂന്നാമൻ നിക്ഷ്‌പക്ഷനായ പ്രിസൈഡിംഗ് ഓഫീസറാണ്.

എയർ ഇന്ത്യയും കുരുക്കിൽ

നഷ്‌ടപരിഹാരം നൽകാൻ ഇന്ത്യ തയ്യാറാകാത്തതിനാൽ, എയർ ഇന്ത്യയ്ക്കെതിരെ അമേരിക്കൻ കോടതിയിൽ കെയിൻ എനർജി ഹർജി നൽകിയിട്ടുണ്ട്. എയർ ഇന്ത്യ കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ വിമാനങ്ങളോ അമേരിക്കയിലെ ഭൂസ്വത്തുക്കളോ കണ്ടുകെട്ടാൻ അനുവദിക്കണമെന്നാണ് കെയിനിന്റെ ആവശ്യം. എയർ ഇന്ത്യയ്ക്ക് അമേരിക്കയിൽ ഭൂസ്വത്തുക്കളില്ല. എന്നാൽ, വിമാനം അമേരിക്കയിൽ ലാൻഡ് ചെയ്‌താൽ കണ്ടുകെട്ടാനിടയുണ്ട്. അതേസമയം, കോടതി ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.