തിരുവനന്തപുരം: തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ നേതാക്കളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം മാറ്റിയ കൊല്ലത്തെ ഇന്റലിജൻസ് ഡിവൈ.എസ്.പിക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം. റോ ഉൾപ്പെടെയുള്ള കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങിയതായാണ് വിവരം.
തീവ്രവാദ സ്വഭാവമുള്ള ചില സംഘടനാനേതാക്കളുമായുള്ള അടുപ്പത്തിനും നിരന്തരമുള്ള ഫോൺ സൗഹൃദങ്ങൾക്കുമപ്പുറം അതീവ ഗുരുതരമായ മറ്റ് ചില വിവരങ്ങളും ഡിവൈ.എസ്.പിയ്ക്കെതിരെ പുറത്തുവരുന്നുണ്ട്. തമിഴ്നാട്ടിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന തീവ്രസ്വഭാവമുള്ള ഒരു സംഘടനയിൽപ്പെട്ട രണ്ടുപേരെ യു.പിയിൽ പൊലീസ് പിടികൂടിയിരുന്നു.തമിഴ് നാട് ക്യൂബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരിലൊരാൾ പുനലൂർ സ്വദേശിയാണെന്നും കണ്ടെത്തി. ഇയാളെപ്പറ്റി തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് കേരളത്തിലെ സ്റ്റേറ്റ് ഇന്റലിജൻസിനോട് റിപ്പോർട്ട് തേടി. കൊല്ലത്ത് നിന്ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയ ഇന്റലിജൻസ് വിഭാഗം പുനലൂർ സ്വദേശിയുടെ തീവ്രവാദം ബന്ധം മറച്ചുവച്ചു.
എന്നാൽ, തമിഴ്നാട് പൊലീസ് നടത്തിയ സമാന്തര അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വെളിപ്പെടുകയും പുനലൂർ സ്വദേശി ഉൾപ്പെട്ട തീവ്രവാദ സംഘടനാ നേതാക്കളിൽ ചിലരുമായി ഡിവൈ.എസ്.പിയ്ക്ക് ഫോൺവഴി സൗഹൃദമുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തതാണ് അടിയന്തര സ്ഥലം മാറ്റമുൾപ്പെടെയുളള നടപടികൾക്ക് കാരണമായത്.
യു.പിയിൽ നിന്ന് രണ്ടുപേർ പിടിയിലായതും തമിഴ്നാട്ടിൽ സ്ഫോടന പരിപാടികൾ ആസൂത്രണം ചെയ്തതുമുൾപ്പെടെയുള്ള കാര്യങ്ങൾ യു.പി പൊലീസ് കേന്ദ്ര ഇന്റലിജൻസ് വിഭാഗങ്ങൾക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളവും തമിഴ്നാടുമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വേരോട്ടമുള്ള തീവ്രവാദ സംഘടനകളെയും അതിന്റെ നേതൃത്വവുമായി ബന്ധമുള്ളവരെയും പറ്റി കേന്ദ്ര ഏജൻസികളും അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ഇന്റലിജൻസ് ആസ്ഥാനത്ത് നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ചില വിവരങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചതായാണ് സൂചന. അന്വേഷണം പുരോഗമിക്കുന്നതോടെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.