മൊഡേണ വാക്സിന്റെ മൂന്നാമതൊരു ഡോസ്(ബൂസ്റ്റർ ഡോസ്) കൂടി സ്വീകരിക്കുന്നതാണ് മികച്ച രോഗപ്രതിരോധം ഉറപ്പ് വരുത്തുന്നതിന് നല്ലതെന്ന് അമേരിക്കൻ വാക്സിൻ നിർമാണ കമ്പനിയുടെ സിഇഒ ആയ സ്റ്റെഫാൻ ബാൻസൽ. വിവിധ കൊവിഡ് വൈറസ് വേരിയന്റുകൾ പുതിയ അപകടാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മൊഡേണ സിഇഒ ഒരു ഫ്രഞ്ച് പത്രമായ ഷെർണൽ ദു ദിമാൻഷിനോട് ഇക്കാര്യം പറഞ്ഞത്.
തങ്ങളുടെ വാക്സിൻ ഒരു നിശ്ചിത കാലത്തേക്ക് ഫലപ്രദമായിരിക്കുമെങ്കിലും രൂപാന്തരം വന്ന പുതിയ കൊവിഡ് വൈറസുകൾ ഉയർത്തുന്ന വർദ്ധിച്ച ഭീഷണിയുടെ സാഹചര്യത്തിലാണ് വാക്സിൻ സ്വീകരിച്ചവർ തന്നെ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കുന്നത് നല്ലതാണെന്ന് അമേരിക്കൻ മരുന്ന് കമ്പനിയുടെ സിഇഒ അഭിപ്രായപ്പെട്ടത്.
'വാക്സിൻ സ്വീകരിക്കാത്ത ദുര്‍ബ്ബലരായ' ആളുകളെ സംരക്ഷിക്കുന്നതിനായി മുതിർന്നവരും കുട്ടികളും വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. വാക്സിൻ സ്വീകരിക്കുന്നതിനായി രണ്ടോ മൂന്നോ മാസങ്ങൾ കാത്തിരിക്കുന്നത് ചികിത്സയിലിരിക്കുന്നവരുടെയും രോഗം മൂലം മരണപ്പെടുന്നവരുടെയും എണ്ണം വർദ്ധിപ്പിക്കുമെന്നും സ്റ്റെഫാൻ ബാൻസൽ പറയുന്നുണ്ട്.
മൂന്ന് ബൂസ്റ്റർ വാക്സിൻ സ്ട്രാറ്റജികളാണ് മൊഡേണ നിലവിൽ പരിഗണിക്കുന്നത്. ആദ്യത്തേത് യഥാർത്ഥ കൊവിഡ് വൈറസായ, ചൈനയിൽ നിന്നും ഉത്ഭവിച്ച, വുഹാൻ സ്ട്രെയിനിന് എതിരെയാണ്. രണ്ടാമത്, സൗത്ത് ആഫ്രിക്കൻ സ്ട്രെയിനിന് എതിരെയും മൂന്നാമത് ഇവ രണ്ടും ഒത്തുചേർന്നുള്ളതിനെതിരെയുമാണ്.
ലോകാരോഗ്യ സംഘടന ഏറ്റവും അപകടകാരികളെന്ന് കണ്ടെത്തിയ മറ്റ് നാല് വൈറസ് വേരിയന്റുകൾക്കെതിരെയും ഈ മൂന്ന് ബൂസ്റ്റർ ഡോസുകള് ഫലപ്രദമാണോ എന്നും കമ്പനി പരിശോധിക്കും. ജൂൺ മാസത്തിന്റെ തുടക്കത്തോടെ മനുഷ്യരിൽ ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തുവാനും തുടർന്ന് സെപ്തംബറിൽ ബൂസ്റ്റർ ഡോസ് ഉപയോഗത്തിനുള്ള അനുമതി നേടിയെടുക്കാനാണ് കമ്പനി ആലോചിക്കുന്നത്.
content details: moderna ceo stephan bancel talks about administering a third covid booster vaccine dose.