പെരുമ്പാവൂർ: നിരവധി മോഷണ കേസുകളിലെ പ്രതികളായ നാല് പേർ പെരുമ്പാവൂരിൽ പൊലീസ് പിടിയിലായി. കോട്ടുവള്ളി കൈതാരം ചെറുപറമ്പ് കൈതാരം വീട്ടിൽ ശരത് (19), തൃക്കാക്കര കൈപ്പട മുകൾഭാഗത്ത് പുതുശ്ശേരി വീട്ടിൽ അശ്വിൻ (19) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
പെരുമ്പാവൂർ മാവിൻചുവട് ഭാഗത്തുനിന്നും ഫസൽ എന്നയാളുടെ ഡ്യൂക്ക് ബൈക്ക് മോഷണം പോയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തി വരവേ ആണ് പ്രതികൾ അറസ്റ്റിലായത്. മോഷ്ടിച്ചെടുത്ത ബൈക്കുമായി പ്രതികൾ കറങ്ങി നടക്കുമ്പോഴാണ് ആലുവ റൂറൽ എസ്.പി കെ.കാർത്തികിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മോഷ്ടാക്കളെ പിടികൂടുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഡ്യൂക്ക് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട് രണ്ടുപേർ പ്രായപൂർത്തി ആകാത്തതിനെ തുടർന്ന് കാക്കനാട് ജുവനൈൽ ഹോമിൽ ഹാജരാക്കി. പെരുമ്പാവൂർ ഡി വൈ.എസ്.പി. എൻ.ആർ. ജയരാജ്, ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ അജിത്ത്, ഉണ്ണികൃഷ്ണൻ ശിവാസ്, സി.പി.ഒമാരായ സിജോ പോൾ, പ്രീജിത്, മീരൻ, സാബു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.