കോഴിക്കോട്: സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ബാലുശേരിയിൽ ധര്മജന് ബോള്‍ഗാട്ടി വന്‍ പരാജയമായിരുന്നുവെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ ആരോപിച്ചു.. പ്രചാരണ സമയത്ത് സന്ധ്യക്കുശേഷം സ്ഥാനാര്‍ഥി എവിടെയായിരുന്നെന്ന് ആര്‍ക്കും അറിയില്ലായിരുന്നെന്നും പിന്നീട് രാവിലെ 10 മണിക്കു ശേഷമാണ് പ്രത്യക്ഷപ്പെട്ടിരുന്നതെന്നും ഗിരീഷ് പ്രസ്താവനയില്‍ ആരോപിച്ചു. രണ്ട് കോൺഗ്രസ് നേതാക്കൾ ചേർന്നു തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തെന്നും തന്നെ തോൽപിക്കാൻ ശ്രമിച്ചെന്നും ധർമജൻ കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മജന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി തന്നെ രംഗത്തെത്തിയത്..
സ്ഥാനാര്‍ത്ഥികൾക്കു സ്വന്തം നിലയില്‍ പ്രചാരണത്തിന് പണം കണ്ടത്താൻ കഴിയാതെ വരുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നതു സാധാരണമാണ്. ഫണ്ടില്ലാത്തതിനാൽ പ്രചാരണം മുന്നോട്ടുപോകില്ലെന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോടുകൂടി ചില പ്രധാന വ്യക്തികളില്‍നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഗിരീഷ് പറയുന്നു..സംഭാവനയായി കിട്ടിയ 80,000 രൂപ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്ത ഡി.സി.സി ഭാരവാഹിയെയും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗത്തെയും ഏല്പിച്ചതായും ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. രണ്ടാംഘട്ട സ്ഥാനാര്‍ഥി പര്യടനം വേണ്ടെന്നു തീരുമാനിച്ചത് ഈ നേതാക്കളാണ്.
ഉണ്ണികുളത്ത് സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തില്‍ തകര്‍ന്ന കോണ്‍ഗ്രസ് ഓഫിസ് സന്ദര്‍ശിക്കാന്‍ ധര്മജന് തയ്യാറായില്ല. വോട്ടെണ്ണല്‍ ദിനത്തിലും എത്തിയില്ല. ആത്മാർഥമായി പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരോടു ധർമജൻ നന്ദികേടാണ് കാണിക്കുന്നത്. ബാലുശ്ശേരിയിൽ ജനങ്ങളുമായി ബന്ധമുള്ള ഒട്ടേറെ പേർ സ്ഥാനാർത്ഥികളാവാൻ യോഗ്യരായിട്ടും ധർമജനെ സ്ഥാനാർഥിയാക്കിയതിനു പിന്നിലുള്ള താത്പര്യം ദുരൂഹമാണ്. ചില ആളുകളുടെ പ്രേരണയിൽ യാഥാർഥ്യം മനസിലാക്കാതെയാണ് ധർമജൻ പരാതി നൽകിയത്. കെപിസിസി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഗിരീഷ് മൊടക്കല്ലൂർ ആവശ്യപ്പെട്ടു