yas-cyclone

പാരാദ്വീപ്: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായി മാറി. ഇത് ഇന്ന് യാസ് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.ഒഡീഷ, ബംഗാൾ തീരത്തേക്കാണ് യാസ് നീങ്ങുന്നത്.

ഒഡീഷയിലും, പശ്ചിമ ബംഗാളിലും, ആൻഡമാൻ തീരത്തും കനത്ത മഴയാണ്. ജാർഖണ്ഡ്, ബീഹാർ , അസാം എന്നീ സംസ്ഥാനങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കടൽക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും നാല് ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.