satheesan

തിരുവനന്തപുരം: വി ഡി സതീശൻ പ്രതിപക്ഷ നേതാവായതോടെ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയും. കഴിഞ്ഞ 16 വർഷമായി സംസ്ഥാന കോൺഗ്രസ് രാഷ്‌ട്രീയത്തിൽ നിലനിന്നിരുന്ന ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല യുഗത്തിനാണ് സതീശന്‍റെ സ്ഥാനാരോഹണത്തോടെ അവസാനമാകുന്നത്. സതീശനെ തിരഞ്ഞെടുത്ത അതേരീതി കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഹൈക്കമാന്‍ഡ് തുടര്‍ന്നാല്‍ പലരുടേയും ഗ്രൂപ്പ് താത്പര്യങ്ങള്‍ വീണ്ടും ഹനിക്കപ്പെടുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള ഗ്രൂപ്പ് നീക്കം ഒന്നടങ്കം പാളിയതോടെ ഗ്രൂപ്പുകള്‍ക്ക് പഴയ ആവേശമില്ലാതായി മാറിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വീണ്ടും എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് വീണ്ടും പ്രധാന്യമേറുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു.

ചെന്നിത്തലയെ പിന്തുണച്ച് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം സ്വന്തമാക്കുകയെന്നതായിരുന്നു എ ഗ്രൂപ്പിന്‍റെ ലക്ഷ്യം. ഇത്തരമൊരു ധാരണ ഇരു ഗ്രൂപ്പുകള്‍ക്കുമിടയിലെ പ്രമുഖര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ തലമുറ മാറ്റം എന്ന ആവശ്യത്തില്‍ യുവ എം എല്‍ എമാര്‍ ഗ്രൂപ്പിന് അതീതമായി ഉറച്ച് നിന്നതോടെ എല്ലാ നീക്കങ്ങളും തകിടം മറിഞ്ഞു. യുവ എം എൽ എമാരുടെ നീക്കത്തിൽ പാർട്ടിയിലെ ഗ്രൂപ്പ് നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. ഇത്തരം നീക്കങ്ങള്‍ക്ക് വഴങ്ങി മുന്നോട്ട് പോയാല്‍ പാര്‍ട്ടി തന്നെ കൈവിട്ടു പോവുമെന്ന ആശങ്കയാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ ഉയര്‍ത്തുന്നത്.

ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടും ഹൈക്കമാന്‍ഡിന് മുന്നില്‍ ഒരു വിഭാഗം നിലപാട് മാറ്റിയതില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്ത അതൃപ്‌തിയുണ്ട്. ഒറ്റക്കെട്ടായി നില്‍ക്കാറുണ്ടായിരുന്ന എ ഗ്രൂപ്പില്‍ ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായാണ്. ഐ ഗ്രൂപ്പ് പല വിഭാഗമായി പിളർന്നിരിക്കുകയാണ്. നീക്കങ്ങള്‍ എല്ലാം തകര്‍ന്നതോടെ ഐ ഗ്രൂപ്പിലെ ചെന്നിത്തല പക്ഷത്ത് നിന്നും ഇനിയും ചോര്‍ച്ചയുണ്ടായേക്കും. കെ.സി വേണുഗോപാലും കെ. സുധാകരനും വ്യത്യസ്‌ത നിലപാടുമായി മുന്നോട്ട് പോവുന്ന സാഹചര്യവും ശ്രദ്ധേയമാണ്. മൂന്ന് തട്ടിലാണ് ഐ ഗ്രൂപ്പ് ഇപ്പോള്‍ നില്‍ക്കുന്നത്.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വലിയ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഗ്രൂപ്പുകള്‍ തയ്യാറാവില്ലയെന്നാണ് വിവരം. ഇത് ഹൈക്കമാന്‍ഡിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയേക്കും. ആര്‍ക്കുവേണ്ടിയും അവകാശവാദം ഉന്നയിക്കാതെ ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിന് നിന്നുകൊടുക്കാനായിരിക്കും എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.

കെ പി സി സി അദ്ധ്യക്ഷനായി ആര് വരണം എന്ന കാര്യത്തില്‍ തോല്‍വിയെ കുറിച്ച് പഠിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി ഈ ആഴ്‌ച അവസാനത്തോട് കൂടി നേതാക്കളുടെ അഭിപ്രായം തേടും. ഗ്രൂപ്പ് താത്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കെ.സുധാകരന്‍ തന്നെ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയക്കേും. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും തുടര്‍ നീക്കങ്ങളും ഹൈക്കമാന്‍ഡ് നിരീക്ഷിച്ച് വരികയാണ്.