തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എം എൽ എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയിൽ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.
വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയ അബ്‌ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രോടേം സ്‌പീക്കർ പി ടി എ റഹീമിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന 75 പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം തവണ തുടർച്ചയായി സഭയിലെത്തുന്ന ഉമ്മൻചാണ്ടിയാണ് സീനിയർ.
53 പുതുമുഖങ്ങളാണ് നിയമസഭയിലുളളത്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന യു പ്രതിഭ, കെ ബാബു, എം വിൻസെന്‍റ് എന്നിവർ സത്യപ്രതിജ്ഞക്കെത്തിയില്ല. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
കൊവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് ഗ്യാലറികളിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ബന്ധുക്കളെത്തിയാൽ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം.
നാളെയാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ഡി എഫിന്‍റെ സ്‌പീക്കർ സ്ഥാനാർത്ഥിയായ എം ബി രാജേഷ് സുഗമമായി ജയിക്കുമെങ്കിലും യു ഡി എഫും സ്‌പീക്കർ സ്ഥാനാർത്ഥിയെ നിർത്തും. പി സി വിഷ്‌ണുനാഥാണ് യു ഡി എഫിന്‍റെ സ്‌പീക്കർ സ്ഥാനാർത്ഥി. ഇന്ന് രാവിലെ ചേർന്ന യു ഡി എഫ് പാർലമെന്‍ററി പാർട്ടി യോഗമാണ് വിഷ്‌ണുനാഥിനെ സ്‌പീക്കർ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്.