കൊച്ചി: ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സുമാരിൽ നിന്ന് പണം തട്ടിയതായി പരാതി. കേസിൽ കലൂരിലെ 'ടേക്ക് ഓഫ്' റിക്രൂട്ടിംഗ് ഏജൻസി ഉടമ എറണാകുളം നെട്ടൂർ കളരിക്കൽ വീട്ടിൽ ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 2.35 കോടിയിലേറെ രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
രണ്ടര മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും തട്ടിയെടുത്തത്. 500 പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസിൽ ഫിറോസ് ഖാനെ കൂടാതെ ദുബായിയിലെ ഏജന്റ് ചേർത്തല അരൂക്കുറ്റി കൊമ്പനാമുറി പള്ളിക്കൽ വീട്ടിൽ സത്താറിന്റെയും (50) അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. പിടിയിലായ കൊല്ലം സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പത്തിലധികം പരാതികൾ കൂടി ഇന്നലെ പൊലീസിന് ലഭിച്ചു. തട്ടിപ്പിന്റെ വ്യാപ്തി കൂടാനാണ് സാദ്ധ്യത. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. തട്ടിയെടുത്ത പണമത്രയും ആഡംബര വാഹനങ്ങൾ വാങ്ങാനാണ് ഫിറോസ് ചെലവിട്ടത്. നിരവധി വിസ തട്ടിപ്പ് കേസുകളിലും പ്രതിയായ ഇയാൾക്ക് സെക്കൻഡ് ഹാൻഡ് ആഡംബര വാഹനങ്ങൾ വാങ്ങി മറിച്ച് വിൽക്കുന്ന ഇടപാടുമുണ്ട്. വാഹനങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. നോട്ടെണ്ണുന്ന യന്ത്രമടക്കം പിടിച്ചെടുത്തെന്നാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാർക്ക് തട്ടിപ്പ് അറിയാമായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ദുബായിലുള്ള കൂട്ടാളികളെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
ഫിറോസ് ഖാനെതിരെ എറണാകുളം സെൻട്രൽ, മരട്, ചേർത്തല സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകളുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് നോർത്ത് പൊലീസ് എടുത്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ സ്ഥാപനത്തിന്റെ പേര് മാറ്റി തട്ടിപ്പ് തുടരുകയായിരുന്നു.
വാഗ്ദാനത്തിൽ കുടുങ്ങി വിസിറ്റിംഗ് വിസയിൽ ദുബായിലെത്തി രണ്ടുമാസം കഴിഞ്ഞും ജോലി ലഭിക്കാത്ത നഴ്‌സുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഫിറോസ് കുടുങ്ങിയത്. ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്.
ഒരാഴ്ചയ്ക്കുള്ളിൽ ജോലി, ഒന്നരലക്ഷം രൂപ മാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ. കൊവിഡ് വാക്‌സിൻ നൽകുന്ന ജോലിക്ക് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ കുടുക്കിയത്. 'ടേക്ക് ഓഫി'ന് റിക്രൂട്ടിംഗ് ലൈസൻസ് ഇല്ലാത്തതിനാൽ വേറെ ഏജൻസികൾ വഴിയായിരുന്നു തട്ടിപ്പ്. പണം മുഴുവൻ വാഹനങ്ങൾ വാങ്ങാൻ ചെലവാക്കിയതോടെ ദുബായിലെ ഏജന്റുമാർ പിൻവലിഞ്ഞു.
ദുബായിൽ എത്തിയ നഴ്‌സുമാരോട് ഹോം കെയറിലോ മസാജ് സെന്ററിലോ ജോലി ചെയ്യാൻ നിർബന്ധിച്ചു. മതിയായ ഭക്ഷണവും താമസ സൗകര്യവും നൽകിയുമില്ല. സർട്ടിഫിക്കറ്റുകൾ ഏജൻസിയുടെ ആളുകളുടെ കൈയിലായി. വഞ്ചിക്കപ്പെട്ടെന്ന മനസിലായ നഴ്‌സുമാർ പരാതിപ്പെടുകയായിരുന്നു. ദുരിതത്തിലായ നഴ്‌സുമാരെ സഹായിക്കാൻ നിരവധി ആശുപത്രികൾ മുന്നോട്ടു വന്നിട്ടുണ്ട്.