ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്‍റെ കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐ സി എം ആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നോ നാലോ പാദത്തില്‍ കൊവാക്‌സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക് അധികൃതർ പറയുന്നു. ഇതിനുവേണ്ടിയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ എഴുപത് കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 1500 കോടി രൂപയുടെ ഓര്‍ഡര്‍ മുന്‍കൂറായി നല്‍കിയ കേന്ദ്രസര്‍ക്കാർ നടപടി സ്വാഗതാർഹമാണെന്നാണ് ഭാരത് ബയോടെക്ക് അധികൃതർ പറയുന്നത്. അതേസമയം, അമേരിക്ക, കുവൈറ്റ് അടക്കമുളള രാജ്യങ്ങളിൽ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെ പ്രായമുളള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ ഉപയോഗിക്കാനുളള അനുമതി അതാത് സർക്കാരുകൾ ഇതിനോടകം നൽകിയിട്ടുണ്ട്.