കൊച്ചി: രാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ലെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. ഇത് സംസ്ഥാനങ്ങള്‍ ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നതടക്കം നിരവധി ചോദ്യങ്ങളാണ് കേന്ദ്രത്തിന് മുമ്പാകെ ഹൈക്കോടതി ഉന്നയിച്ചത്.
34,000 കോടി രൂപയാണ് സൗജന്യ വാക്‌സിനേഷനായി വിനിയോഗിക്കേണ്ടത്. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ കേന്ദ്രം ഒരു തീരുമാനമെടുക്കാത്തത്. ഫെഡറലിസം നോക്കേണ്ട സമയമല്ല ഇതെന്നും കോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കാണ് ചുമതല എന്ന നിലപാട് എന്തുകൊണ്ട് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ചോദിച്ച കോടതി ആര്‍ ബി ഐയുടെ ഡിവിഡന്‍റ് കൈയിലിരിക്കേ ഇത് വാക്‌സിനേഷനായി വിനിയോഗിച്ചുകൂടേയെന്നും ആരാഞ്ഞു.
വാക്‌സിന്‍ വിതരണം നയപരമായ വിഷയമാണെന്നും ഇതില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വാക്‌സിന്‍ കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് കേന്ദ്രം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ജികള്‍ പരിഗണിച്ച വിവിധ ഘട്ടങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കിക്കൂടെയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴും കൃത്യമായ മറുപടി കേന്ദ്രം നല്‍കിയില്ല എന്നാണ് വിവരം.
വാക്‌സിൻ വിതരണത്തിലെ മെല്ലെപ്പോക്കില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള അതൃപ്‌തി ഹൈക്കോടതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇങ്ങനെ പോയാല്‍ രണ്ട് വര്‍ഷം വേണ്ടിവരും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ എന്നായിരുന്നു കോടതി വിമര്‍ശനം. ഈ സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എപ്പോള്‍ നല്‍കും എന്നതടക്കം അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.