കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ഏതു സമയത്തും കൃഷി ചെയ്യാവുന്ന ഒന്നാണ് വാളരി. സ്ഥല പരിമിതിയുള്ളവർക്കു പോലും വാളരികൃഷി വളരെ എളുപ്പത്തിൽ ചെയ്യാം. വീടിന്റെ ടെറസിലോ പറമ്പിലോ പാടത്തോ ഒക്കെ അല്പം സ്ഥലം കണ്ടെത്തിക്കോളൂ. വെറുതെയിരിക്കുന്നതിനിടയിൽ വളരെ കുറച്ചു സമയം മാത്രം മതി.
മഴക്കാലാരംഭമാണ് കൃഷി ആരംഭിക്കാൻ യോജിച്ച സമയം. പ്രത്യേകിച്ചും ജൂലൈ, ആഗസ്ത് മാസങ്ങളിൽ. നല്ല നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാം. ഏകദേശം 45 സെന്റീമീറ്റർ വീതിയിലും 30 സെന്റീമീറ്റർ ഉയരത്തിലും എടുത്ത വാരങ്ങളിൽ വിത്തു വിതയ്ക്കാം. ഒരു ചുവട്ടിൽ മൂന്നു വിത്തുകൾ മതിയാകും. മണ്ണ് നന്നായി കിളച്ച് പാകപ്പെടുത്തി ചാണകപ്പൊടി കമ്പോസ്റ്റ് ചേർത്ത് വിത്തു പാകാം. മഴക്കാലമായതിനാൽ ഒരടി വീതിയും പൊക്കവുമുള്ള തടമെടുത്ത് ഒന്നരയടി അകലത്തിൽ വിത്തുപാകാം. വിത്തിട്ട് പത്തു ദിവസം കഴിഞ്ഞു മാത്രമേ ഇവ മുളയ്ക്കാറുള്ളൂ. ഒരു ദിവസം വെള്ളത്തിൽ കുതിർത്ത് വച്ചാരുന്നാൽ വിത്ത് വേഗം മുളയ്ക്കും. ആദ്യത്തെ ഒരു മാസം വളരെ പതുക്കെയായിരിക്കും ചെടിയുടെ വളർച്ച. അതിനുശേഷം വേഗത്തിൽ വളരാൻ തുടങ്ങും. വള്ളിവീഴുന്ന മുറയ്ക്ക് പന്തൽ ഇടണം. ഈ സമയത്ത് ചുവടുതെളിയിച്ച് ചെടിയൊന്നിന് 100 ഗ്രാം എല്ലുപൊടിയും 100 ഗ്രാം വേപ്പിൻപിണ്ണാക്കും വേരിന് കേടുവരാത്തവിധം വേണം ഇളക്കി ചേർക്കേണ്ടത്. വള്ളികളുടെ ചുവട്ടിൽ പച്ചില കൊണ്ട് പുതയിടാനും ശ്രദ്ധിക്കണം. അടിവളമായി സെന്റൊന്നിന് 80 കിലോഗ്രാം കാലിവളം നൽകാം. ചെടി പടർന്നു കയറാൻ താങ്ങോ പന്തലോ ആവശ്യമാണ്. വിത്തിട്ട് 70–75 ദിവസത്തിനുള്ളിൽ ഇളംകായ്കൾ വിളവെടുപ്പു പരുവമെത്തും. കീടങ്ങളെ തുരത്താനായി ജൈവവളക്കൂട്ടുകളും ചാണകതെളിയും നൽകാം.