kk-rema

​​​​തിരുവനന്തപുരം: എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കെ കെ രമ നിയമസഭയില്‍ എത്തിയത് ടി പി ചന്ദ്രശേഖരന്‍റെ ബാഡ്‌ജ് ധരിച്ച്. എല്ലാവര്‍ക്കും ജീവിക്കാനും അഭിപ്രായം പറയാനുമുള്ള സാമൂഹ്യ ചുറ്റുപാട് ഉണ്ടാവണം എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ടി പിയുടെ ബാഡ്‌ജ് ധരിച്ചതെന്ന് കെ കെ രമ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സാരിയില്‍ ചന്ദ്രശേഖരന്‍റെ ചിത്രം ബാഡ്ജ് അണിഞ്ഞ് തന്നെയാണ് രമ സത്യവാചകം ചൊല്ലിയത്. യു ഡി എഫ് പിന്തുണയോടെ വടകരയില്‍ നിന്ന് മത്സരിച്ച് ജയിച്ച കെ കെ രമ സഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്‌തത്.

സഭയില്‍ ആര്‍ എം പി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും രമ വ്യക്തമാക്കി. പ്രത്യേക ബ്ലോക്കായിട്ടായിരിക്കും നിയമസഭയിൽ ഇരിക്കുകയെന്നും കെ കെ രമ പറഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെയാണ് കന്നിയങ്കത്തില്‍ കെ കെ രമ പരാജയപ്പെടുത്തിയത്. 7491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ നിയമസഭയിലേക്കെത്തിയത്.