wedding

​​​​​ചെന്നൈ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ മധുരയില്‍ നടന്നൊരു കല്യാണമാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. മേയ് 23ന് ആകാശത്തുവച്ചായിരുന്നു ഈ കല്യാണം. മധുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം ചാര്‍ട്ട് ചെയ്‌താണ് വിവാഹം നടന്നത്. രണ്ടുമണിക്കൂര്‍ നേരത്തേയ്ക്കാണ് വിമാനം ബുക്ക് ചെയ്‌തത്

മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമാണ് വരനും വധുവും. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു. ആകാശത്തുവച്ച് വിവാഹവും നടന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വിമാനത്തില്‍ വച്ച് നടത്തിയതിന് പിന്നിലെ കാരണം കൊവിഡ് വ്യാപനമാണ്

തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടുകയും മെയ് 23ന് നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയും ചെയ്‌തിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വച്ച് വിവാഹം കഴിച്ച് ആ ചടങ്ങ് മനോഹരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികള്‍ അവകാശപ്പെട്ടു.

അതേസമയം, വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കൊവിഡ് വ്യാപന കാലത്ത് വിമാനയാത്ര നടത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പി പി ഇ കിറ്റ്, മാസ്‌ക്, ഫെയ്‌സ് മാസ്‌ക് എന്നിവ ധരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ദൃശ്യങ്ങളില്‍ ഇതൊന്നും പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. സാമൂഹിക അകലവും പാലിച്ചിട്ടില്ല. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇത് അനാവശ്യമല്ലേ എന്ന തരത്തിലാണ് വിമർശനങ്ങൾ.