thalakavery

സഞ്ചാരികളുടെ മനസിൽ ഭക്തിയും ഉല്ലാസവും നിറയ്‌ക്കുന്ന തീർത്ഥാടനകേന്ദ്രമാണ് തലൈക്കാവേരി. കർണാടക വനത്തിലെ ഒരു ഗ്രാമമാണ് തലൈക്കാവേരി. ഇവിടെ സൂര്യാസ്‌തമയത്തിനുശേഷം ആരും തങ്ങാറില്ല. ക്ഷേത്രത്തിന് സമീപത്തായി തലൈക്കാവേരി വന്യജീവി സംരക്ഷണ കേന്ദ്രവുമുണ്ട്. സമുദ്രനിരപ്പിൽ നിന്നു 4187 അടി ഉയരെയാണ് തലക്കാവേരി കുന്നിന്റെ സ്ഥാനം.

ക്ഷേത്രത്തിലേക്കെത്തുന്നവരെല്ലാം മലയും കണ്ടാണ് മടങ്ങുന്നത്. പച്ചപ്പും കാറ്റും നിറഞ്ഞ കുന്നിൻമുകളിലെത്തിയാൽ കുടക് ജില്ലയെ കാണാൻ കഴിയുമെന്നതാണ് പ്രത്യേകത. ക്ഷേത്രത്തിന് പിന്നിലും നിരവധി ഐതിഹ്യങ്ങളുണ്ട്.

ബ്രഹ്മഗിരിയുടെ താ‌ഴ്വരയിൽ കാവേരി മഹർഷി തപസിരുന്നു. അദ്ദേഹത്തിനു മക്കളില്ലാതിരുന്നതിനാൽ ബ്രഹ്മാവിനെ വിളിച്ച് പ്രാർത്ഥിച്ച മഹർഷിക്കുമുന്നിൽ പ്രത്യക്ഷനായ ബ്രഹ്മാവ് വളർത്തുപുത്രിയായ ലോപമുദ്രയെ സമ്മാനിച്ചു. ആദിപരാശക്തിയുടെ അവതാരമാണ് ലോപമുദ്രയെന്ന് വിശ്വസിക്കപ്പെടുന്നു. മഹർഷി അവളുടെ പേര് മാറ്റി കാവേരിയാക്കി. ഒരിക്കൽ അഗസ്‌ത്യ മഹർഷി കാവേരിമഹർഷിയുടെ പർണശാലയിൽ ലോപമുദ്രയെകണ്ട് അഗസ്‌ത്യന് ഇഷ്ടപ്പെട്ടു. അവൾ ഒരു ഉപാധി വച്ച് ഒരിക്കലും അഗസ്ത്യൻ തന്നെ വിട്ടുപോകരുത്. അങ്ങനെ പർണശാലയിൽ വച്ച് വിവാഹവും നടന്നു.
ഒരിക്കൽ കനികാനദിയിൽ സ്നാനം ചെയ്യാൻ പുറപ്പെട്ട അഗസ്ത്യൻ യോഗശക്തിയാൽ കാവേരിയെ ജലമാക്കി തന്റെ കമണ്ഡലുവിലാക്കി ആശ്രമത്തിലെ ബ്രഹ്മകുണ്ഡത്തിൽ വച്ചിട്ട് കുളിക്കാൻ പോയി. വളരെ വൈകിയിട്ടും അഗസ്ത്യൻ തിരിച്ചെത്തിയില്ല. കാത്തുകാത്തിരുന്ന് പരവശയായ കാവേരി ഒരു പുഴയായി ഒഴുകി. അഗസ്ത്യൻ തിരിച്ചെത്തിയപ്പോൾ പത്നി നദിയായൊഴുകുകയാണ്. എന്നാൽ,​ ഭർത്താവിനെയും കുടകരെയും നിരാശപ്പെടുത്താതെ എല്ലാ തുലാസംക്രമത്തിന് ബ്രഹ്മകുണ്ഡത്തിൽ ദർശനം നൽകാമെന്ന ഉറപ്പുനൽകി. തലക്കാവേരിയിൽ കാവേരി ഉത്ഭവിക്കന്നു എന്നു കരുതുന്ന കുണ്ഡത്തിനാണ് പൂജയും ആരാധനയും. കുടകരുടെ കുലദേവതയാണ് കാവേരി. കാവേരി പിറന്ന തുലാസംക്രമണം കുടകിലെ ഏറ്റവും വലിയ ഉത്സവമാണ്.

എത്തിച്ചേരാൻ
കേരളത്തിൽനിന്നുള്ളവർക്ക് കണ്ണൂർവഴിയും തലശ്ശേരി വഴിയും മടിക്കേരിയിലെത്താം. മടിക്കേരിയിൽനിന്ന് 47 കിലോമീറ്ററാണ് തലൈക്കാവേരിക്ക്.