covid

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തലസ്ഥാന ജില്ലയിൽ മരിച്ചവരുടെ എണ്ണവും ശ്‌മശാനങ്ങളിലെ കണക്കും തമ്മിൽ അന്തരമെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ ജില്ലയിലുണ്ടായ ആകെ മരണങ്ങളിൽ എട്ട് ശതമാനം മാത്രമാണ് കൊവിഡ് ബാധിച്ചുള്ള മരണം. എന്നാൽ, ജനുവരി മുതൽ മേയ് 22 വരെയുള്ള ജില്ലയിലെ ശ്‌മശാനങ്ങളിലെ കണക്ക് എടുത്താൽ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് വ്യക്തമാകും.

ജനുവരി മുതൽ മേയ് 22 വരെയുള്ള കാലത്ത് ജില്ലയിൽ ആകെ 9579 മരണങ്ങളാണ് ഉണ്ടായത്. ഇതിൽ 11 പഞ്ചായത്തുകളിലെ കണക്കുകൾ ലഭ്യമല്ല. ഇക്കാലയളവിൽ 762 കൊവിഡ് മരണങ്ങളാണ് നടന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. 11 പഞ്ചായത്തുകളിലെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ മരണസംഖ്യ ഇതിലും കൂടുതലായിരിക്കും.

കോർപ്പറേഷന് കീഴിലുള്ള ശാന്തികവാടത്തിൽ ജനുവരി മുതൽ മേയ് വരെ 1337 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. ഇതിൽ 615 എണ്ണം കൊവിഡ് ബാധിതരുടേതായിരുന്നു. മുട്ടത്തറയിലെ എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ മേയിൽ മാത്രം 421 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. ഏപ്രിൽ ഇത് 280 ആയിരുന്നു. ഇവയിൽ 90 ശതമാനവും കൊവിഡ് രോഗികളായിരുന്നു. മാറനല്ലൂർ പഞ്ചായത്തിന് കീഴിലുള്ള ശ്‌മശാനത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിലായി 200 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്.

പഴയകുന്നുമ്മേൽ, നെടുമങ്ങാട്, ആറ്റിങ്ങൽ മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള ശ്‌മശാനങ്ങളിലും ഇക്കാലയളവിൽ ദഹിപ്പിച്ച മൃതദേഹങ്ങളുടെ എണ്ണം ഉയർന്നിട്ടുണ്ട്. ജില്ലയിൽ ഈ വർഷം ഉണ്ടായത് 800 കൊവിഡ് മരണങ്ങൾ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുമ്പോൾ, മൂന്ന് ശ്‌മശാനങ്ങളിൽ നിന്നുള്ള കണക്കുകൾ പരിശോധിച്ചാൽ ഏതാണ്ട് 1300 കൊവിഡ് മരണങ്ങൾ നടന്നതായി മനസിലാക്കാനാകും. അപൂർവം ചില കേസുകൾ ഒഴിച്ചു നിറുത്തിയാൽ മരിച്ചവരെല്ലാം തന്നെ തിരുവനന്തപുരത്ത് ഉള്ളവരാണ്. ഇത് കൂടാതെയാണ് പള്ളികളിലും മറ്റ് നടന്ന കൊവിഡ് മരണങ്ങൾ. അവയുടെ കണക്ക് ലഭ്യമല്ലാത്തതിനാൽ തന്നെ മരണസംഖ്യയിൽ ഏതാണ്ട് 600 എണ്ണത്തിന്റെ അന്തരം ഉണ്ടാകുമെന്നാണ് നിഗമനം.

2018ൽ ജില്ലയിൽ 18 തരത്തിലുള്ള പകർച്ചവ്യാധികൾ കാരണം 53 പേരും 2019ൽ 61 പേരും മരിച്ചിരുന്നു. എന്നാൽ, ഇത്തരം മരണങ്ങൾ ഒന്നും തന്നെ ആശങ്കജനകമാംവിധം ജില്ലയിൽ ഉയർന്നിട്ടില്ല. 2020ൽ 367 പേർ വിവിധ അപകടങ്ങളിലായി ജില്ലയിൽ മരിച്ചു. ഈ വർഷം 20ഓളം പകർച്ചവ്യാധികൾ കാരണം 38 പേർ മാത്രമെ സംസ്ഥാനത്താകെ മരിച്ചിട്ടുള്ളൂ. തലസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മരണങ്ങളിൽ 5768 എണ്ണം ആശുപത്രികളിലും 3811 എണ്ണം മറ്റിടങ്ങളിലുമാണ് സംഭവിച്ചത്.

ജില്ലയിൽ ഇന്നലെ വരെ 1444 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കും തലസ്ഥാന ജില്ലയിൽ തന്നെയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കിൽ പെടാത്ത നിരവധി മരണങ്ങളും ഉണ്ട്. കൊവിഡ് പ്രോട്ടോക്കോളിൽ പെടാത്തതായതിനാൽ ഈ മരണങ്ങളെ കൊവിഡ് മരണങ്ങളായി ആരോഗ്യവകുപ്പ് ഇപ്പോഴും അംഗീകരിച്ചിട്ടില്ല. 2020ൽ ഇത്തരം 64 മരണങ്ങളും ഈ വർഷം ഇതുവരെ 25 മരണങ്ങളും ആരോഗ്യ വകുപ്പിന്റെ പട്ടികയിൽ പെടാതെയുണ്ട്.