manji

പട്ന: കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്ക‌റ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ചേർക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എൻ‌‌‌‌ഡിഎ നേതാക്കൾ തന്നെ രംഗത്തെത്തി. ബീഹാറിലെ എൻ‌ഡി‌എ സഖ്യകക്ഷി ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മുൻ സംസ്ഥാന മുഖ്യമന്ത്രിയുമായ ജിതിൻ റാം മാഞ്ചിയാണ് ഇന്ന് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്.

'കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ നല്ല ഫലങ്ങൾക്കെല്ലാം കാരണം പ്രധാനമന്ത്രിയാണെന്നാണ് പറയുന്നത്. ആ കണക്കിന് കൊവിഡ് വന്ന് മരിച്ചവരുടെ സർട്ടിഫിക്ക‌റ്റിലും പ്രധാനമന്ത്രിയുടെ ചിത്രം ചേർക്കണം. എന്നാലേ അത് നീതീകരിക്കാനാകൂ.' മാഞ്ചി അഭിപ്രായപ്പെട്ടു.

വാക്‌സിൻ സർട്ടിഫിക്ക‌റ്റുകളിൽ രാഷ്‌ട്രപതിയുടെയോ അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെയോ ചിത്രമാണ് വ്യ്ക്കേണ്ടതെന്ന് ഇന്നലെയും മാഞ്ചി പറഞ്ഞിരുന്നു. ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈ‌റ്റഡ്) നേതാവുമായ നിതീഷ് കുമാറിന്റെ വളരെ അടുത്ത സുഹൃത്താണ് മാഞ്ചി. നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീ‌റ്റുകളിൽ ഇവ‌ർ വിജയിച്ചിരുന്നു.

മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് കൊവിഡ് വാക്‌സിൻ വാങ്ങിയ ഛത്തീസ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം അതാത് മുഖ്യമന്ത്രിമാരുടെ ചിത്രമാണ് സർട്ടിഫി‌ക്കറ്റുകളിൽ പ്രസിദ്ധീകരിച്ചത്.

ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നതിലും കൊവിഡ് പ്രതിരോധത്തിനും ഇരട്ടനീതിയാണ് മോദി കാണിക്കുന്നതെന്ന് മാഞ്ചി മുൻപും വിമ‌ർശിച്ചിരുന്നു. മാത്രമല്ല കൊവിഡ് പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്ത് ലോക്ഡൗൺ സമയത്ത് ജോലിയില്ലാത്തവർക്ക് 5000 രൂപ നൽകണമെന്നും മുഖ്യമന്ത്രിയോട് മാഞ്ചി ആവശ്യപ്പെട്ടിരുന്നു.