mask

ലക്‌നൗ: കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട രണ്ട് ആയുധങ്ങളാണ് മാസ്കും സാനിറ്റൈസറും. വാക്സിനെടുത്തെങ്കിൽ കൂടി മാസ്ക് ശരിയായി ധരിക്കുന്നതും കൈകൾ സോപ്പിട്ട് കഴുകുന്നതും വൈറസിനെ ഫലപ്രദമായി തടയുമെന്നാണ് റിപ്പോർട്ട്.

അതുകൊണ്ടുതന്നെ സർജിക്കൽ മാസ്‌കും എൻ 95 മാസ്‌കും തുണി മാസ്‌കുമെല്ലാം നമ്മുടെ നിത്യജീവിതഭാഗമായി. എന്നാൽ ഉത്തർപ്രദേശിലെ ഒരു സന്യാസിയുടെ മാസ്‌കാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

തുളസിയുടെയും ആര്യവേപ്പിന്റെയും ഇല ഉപയോഗിച്ചാണ് മാസ്‌ക് ഉണ്ടാക്കിയിരിക്കുന്നത്. കാവി വസ്ത്രധാരിയായ സന്യാസി ആര്യവേപ്പ് മാസ്‌ക് ധരിച്ച് റോഡിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം.

വീഡിയോ ചിത്രീകരിച്ചിരിക്കുന്നയാൾ ഈ മാസ്‌ക് എങ്ങനെയാണ് നിർമിച്ചതെന്ന് ആരായുമ്പോൾ ആര്യവേപ്പിലകൊണ്ടാണെന്ന് സന്യാസി മറുപടി പറയുന്നതും കേൾക്കാം. വാർദ്ധക്യകാല അസുഖങ്ങൾ ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് ആര്യവേപ്പ് ഉത്തമ ഔഷധമെന്നാണ് സന്യാസിയുടെ അഭിപ്രായം. 72കാരനായ താൻ ആര്യവേപ്പും തുളസിയും ഉപയോഗിച്ചാണ് ഇത് നിർമിച്ചതെന്നും സർജിക്കൽ, തുണി മാസ്‌കുകളെക്കാൾ ഇവ ഫലപ്രദമാണെന്നും സന്യാസി അവകാശപ്പെടുന്നു.

ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽനിന്നാണ് സന്യാസിയെ കണ്ടെത്തിയത്. ഐ.പി.എസ് ഓഫീസറായ രുപിൻ ശർമയാണ് ആദ്യം സന്യാസിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

സംഭവം വൈറലായതോടെ നിരവധിപ്പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ആയുർവേദത്തെ വാഴ്ത്തിയായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ, അശാസ്ത്രീയമായ ഇത്തരം പ്രവൃത്തികളിലൂടെ രോഗവ്യാപനം കൂടുമെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.