abhirami


ബോഡി ഷെയ്മിംഗിനെ പലതാരങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴിതാ നടി അഭിരാമിയും തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്.

'നമ്മുടെ നാട്ടിൽ ഒരാളെ ദിവസങ്ങൾക്ക് ശേഷം കാണുമ്പോൾ സ്വാഭാവികമായി പറയുന്നതാണ് കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ കമന്റുകൾ. പറയുന്നവർക്ക് ഇതിൽ കുഴപ്പമൊന്നുമില്ലെങ്കിലും കേൾക്കുന്ന ആൾക്ക് ആ കമന്റുകൾ എത്രമാത്രം വേദനിപ്പിക്കുമെന്ന് അറിയാമോ. ' അടുത്തിടെ തന്നെക്കുറിച്ച് ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് അഭിരാമി വീഡിയോയിലൂടെ പ്രതികരിച്ചത്. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നു, വയസായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി ഇങ്ങനെ പോകുന്നു വാർത്തയുടെ കണ്ടന്റ്. എന്നാൽ, ആ വാർത്തയ്‌ക്കൊപ്പം പങ്കുവച്ച രണ്ട് ചിത്രങ്ങളിലും തനിക്ക് ഒരേ ആത്മവിശ്വാസമാണുള്ളതെന്ന് അഭിരാമി പറയുന്നു. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചുമാണ് സംസാരിക്കേണ്ടതെന്നും ശരീരത്തെക്കുറിച്ച് സംസാരിക്കുന്നത് നല്ല പ്രവണതയല്ലെന്നും താരം തുറന്നു പറഞ്ഞിരിക്കുകയാണ്.