bgbgg

വടകര: കൊവിഡ് കാലത്ത് ലോക് ഡൗൺ നീണ്ടതോടെ നാട്ടിൻപുറങ്ങളിൽ വാറ്റു കേന്ദ്രങ്ങൾ സജീവമായി. ബാറുകൾക്ക് പുറമെ ബീവറേജുകളും പൂട്ടിയതോടെയാണ് വാറ്റു കേന്ദ്രങ്ങൾ ഉണർന്നത്. മദ്യം ലഭിക്കാതായതോടെ ലഹരി ശീലിച്ചവരുടെ ദുരിതവും തൊഴിൽ രഹിതർക്ക് പ്രതീക്ഷയേകുന്നു. മുമ്പ് നാട്ടുകാർക്ക് തലവേദന സൃഷ്ടിച്ചിരുന്ന വാറ്റ് കേന്ദ്രങ്ങൾ നിർത്തലാക്കാൻ വർഷങ്ങളുടെ പ്രയത്നം വേണ്ടിവന്നിരുന്നു. നാടൻ വാറ്റു കേന്ദ്രങ്ങൾ തേടി ദൂര ദിക്കുകളിൽ നിന്ന് പോലും മദ്യസേവക്കെത്തിയവർ ഉടുതുണി പോലുമില്ലാതെ വഴിയിൽ കിടക്കുന്നതായിരുന്നു കാഴ്ച. നാട്ടിലെ വിവാഹാലോചനകൾക്ക് പോലും ഇത് തടസമായി. ഒടുവിൽ ഇത്തരം പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മകൾ രൂപീകരിച്ചും പൊലീസും എക്‌സൈസും ഇടപെട്ടാണ് വാറ്റ് കേന്ദ്രങ്ങൾ നിറുത്തിച്ചത്. വടകരയിൽ മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, ഏറാമല, എടച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ കൈക്കണ്ടങ്ങളിലും പുഴയോരങ്ങളും കേന്ദ്രീകരിച്ചാണ് വാഷ് മൂപ്പിനായി സൂക്ഷിക്കുന്നത്. ഇവയിൽ ചിലയിടങ്ങളിൽ നിന്നും ലോക് ഡൗൺ കാലത്ത് തന്നെ വലിയ ബാരലുകളിലായി സൂക്ഷിച്ചിരുന്ന വാഷ് എക്‌സൈസ് പാർട്ടി കണ്ടെത്തി നശിപ്പിച്ചപു. ഇപ്പോൾ പഴയ താവളങ്ങൾ മിക്കതും സജീവമായതായാണ് വിവരം. ഹൈടെക് യുഗത്തിൽ മുൻകാലങ്ങളെ പോലുള്ള പ്രയാസങ്ങളൊന്നും നാടൻ വാറ്റിന് വേണ്ടി വരുന്നില്ല. വാഷ് തയ്യാറാക്കിയാൽ മൂന്നു പാത്രങ്ങളും കുഴലും അടുപ്പിൽ തീ പൂട്ടുക പോലും ചെയ്യാതെ ചാരായം തയ്യാറാക്കാനാവുന്നു. ഗ്യാസ് സിലിണ്ടറും കുക്കറുമാണ് പുതിയ വാറ്റ് രീതി. ഇങ്ങിനെ വാറ്റിയെടുക്കുന്ന ചാരായത്തിന് ലിറ്ററിന് രണ്ടായിരം വരെ ഈടാക്കുന്നു.