vvv

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതിയുടെ മാല പിടിച്ചുപറിച്ചയാളെ റെയിൽവേ പൊലീസ് കൈയോടെ പിടികൂടി. തമിഴ്നാട് സെമ്മഞ്ചേരി ഫ്ലാറ്റ് നമ്പർ 520ൽ അറുമുഖനാണ് (28) പിടിയിലായത്.

സ്റ്റേഷനിലെ രണ്ടാം പ്ളാറ്റ്ഫോമിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനി ഇരിപ്പിടത്തിൽ വിശ്രമിക്കുകയായിരുന്നു. പിന്നിലൂടെ എത്തിയ അറുമുഖൻ മാല പിടിച്ചുപറിച്ച ശേഷം രണ്ടാം പ്രവേശന കവാടത്തിനടുത്തേക്ക് ഓടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഗ്രേഡ് എസ്.ഐ പ്രമോദ് കുമാർ, സി.പി.ഒമാരായ അനീഷ് അശോകനുണ്ണി, ജിജോ വർഗീസ്, നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.