വാഷിംഗ്ടൺ: വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ അമേരിക്കൻ സന്ദർശനത്തിന് ഇന്നലെ തുടക്കമായി. കൊവിഡ് വിഷയത്തിലുള്ള സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരുമായി ജയ്ശങ്കർ ചർച്ച ചെയ്യും. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ അംഗമായ ശേഷം ഇതാദ്യമായാണ് വിദേശകാര്യ മന്ത്രി എന്ന നിലയിൽ അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത്. യു.എന്നിലെ ഇന്ത്യൻ സ്ഥാനപതി ടി.എസ് തിരുമൂർത്തി നേരിട്ടെത്തിയാണ് ജയ്ശങ്കറിനെ സ്വീകരിച്ചത്.
മേയ് 28 വരെ ജയ്ശങ്കർ അമേരിക്കയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, കാബിനറ്റ് അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും.