തിരുവനന്തപുരം: ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീടുകളിൽ എത്തിക്കാനുള്ള നീക്കത്തിൽ നിന്ന് ബിവറേജസ് കോർപ്പറേഷൻ പിന്മാറിയതിന് പിന്നാലെ ബെവ്ക്യൂ ആപ്പ് വഴിയുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം വീണ്ടും കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. മദ്യം വീടുകളിൽ എത്തിക്കുന്നതിന് നയപരമായ തീരുമാനം വേണമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതോടെയാണ് ബെവ്കോ പിന്മാറിയത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തും ബെവ്‌കോ ഇക്കാര്യം ആലോചിച്ചിരുന്നെങ്കിലും തൽക്കാലം വേണ്ടെന്ന നിലപാടാണ് അന്നത്തെ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും സ്വീകരിച്ചത്. ഇതര സംസ്ഥാനങ്ങളിലെ ഹോം ഡെലിവറി മാതൃകകളായിരുന്നു ബെവ്‌കോ മുന്നോട്ടു വച്ചത്. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ഏപ്രിൽ 2277 മുതൽ മദ്യശാലകൾ അടഞ്ഞു കിടക്കുകയാണ്. ഇതിലൂടെ ബെവ്‌കോയ്ക്ക് 1000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ബെവ് ക്യൂ ആപ്പിൽ തീരുമാനം അടുത്ത ആഴ്ച
ഓൺലൈൻ വഴി ബുക്ക് ചെയ്ത് തിരക്കില്ലാതെ മദ്യം വാങ്ങുന്നതിന് വേണ്ടിയാണ് ബെവ് ക്യൂ ആപ്പ് സംവിധാനം കൊണ്ടുവന്നത്. ഇത് പുന:സ്ഥാപിക്കുന്ന കാര്യത്തിൽ ജൂൺ ആദ്യവാരത്തോടെ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മദ്യത്തിന്റെ വിൽപനയിലൂടെ ലഭിക്കേണ്ട നല്ലൊരു പങ്ക് വരുമാനവും ഇല്ലാതായതോടെയാണ് ഓൺലൈൻ സംവിധാനം തിരിച്ചു കൊണ്ടുവരുന്നതിന് സർക്കാർ ആലോചിച്ചത്. മാത്രമല്ല,. വ്യാജച്ചാരായവും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടുകയും ചെയ്തതും സർക്കാരിനെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചു.
ലോക്ക് ഡൗണിനെ തുടർന്ന് കൊവിഡ് കേസുകൾ കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതിനാൽ തന്നെ കർശനമായ നിയന്ത്രണങ്ങളോടെ ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്ത് വിതരണം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എം.ഡി യോഗേഷ് കുമാർ ഗുപ്ത സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കുന്നതും സർക്കാരിന്റെ ആലോചനയിലാണ്. അങ്ങനെയെങ്കിൽ മദ്യശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ബെവ്കോയും ആവശ്യപ്പെടും. ആപ്പ് വഴി ബുക്ക് ചെയ്യുന്ന ആളിന് തിരക്കില്ലാതെ സാമൂഹിക അകലം പാലിച്ച് മദ്യം വാങ്ങാനുള്ള സൗകര്യം ഉണ്ടെന്നിരിക്കെ സർക്കാർ ഇതിന് എതിരു പറയില്ലെന്ന പ്രതീക്ഷയാണ് ബെവ്കോയ്ക്ക്.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് കൊച്ചി ആസ്ഥാനമായ ഫെയർ കോഡ് ടെക്നോളജീസിന്റെ ബെവ്ക്യൂ ആപ്പ് സംവിധാനം മദ്യ വിതരണത്തിനായി സർക്കാർ കൊണ്ടുവന്നത്. തുടക്കത്തിൽ കല്ലുകടി ഉണ്ടായെങ്കിലും പിന്നീട് കാര്യങ്ങൾ സുഗമമായി മുന്നേറി. കൊവിഡിന് ശമനം ഉണ്ടായപ്പോൾ ആപ്പ് ഒഴിവാക്കുകയും ചെയ്തു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ മദ്യ വിൽപനയാണ് അഭികാമ്യം എന്ന നിലപാടാണ് സർക്കാരിനും ഉള്ളതെന്ന് അറിയുന്നു. ഇതിലൂടെ മദ്യം വീട്ടിലെത്തിക്കാൻ ശ്രമിച്ചു എന്ന വിമർശനവും ഒഴിവാക്കാനാകും. സംസ്ഥാനത്താകെ 598 ബാർ ഹോട്ടലുകളും 357 ബിയർ, വൈൻ പാർലറുകളുമാണുള്ളത്. ബെവ്കോയ്ക്ക് 265 ഔട്ട്‌ലെറ്റുകളും കൺസ്യൂമർഫെഡിന് 36 ഔട്ട്‌ലെറ്റുകളുമാണുള്ളത്..
അതേസമയം, തങ്ങൾക്ക് സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഫെയർ കോഡ് ടെക്നോളജീസ് വ്യക്തമാക്കി. തങ്ങൾ എപ്പോഴും തയ്യാറാണെന്നും അവർ പറഞ്ഞു.